ഫ്ളോറിഡ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. അമേരിക്കൻ സമയമാനുസരിച്ച് ഞായറാഴ്‌ച ഉച്ചയ്‌ക്കാണ് സംഭവമുണ്ടായത്. ഫ്ളോറിഡയിൽ വെസ്റ്റ്‌പാം ബീച്ചിൽ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഗോൾഫ് ക്ളബിൽ വച്ചാണ് സംഭവം. ഗോൾഫ് കളിക്കുകയായിരുന്ന ട്രംപിന് നേരെ അക്രമി ഒളിച്ചിരുന്ന് വെടിയുതിർക്കുകയായിരുന്നു. അതെ സമയം സുരക്ഷിതനാണെന്ന് മുൻ പ്രസിഡന്റുമാരുടെ സുരക്ഷാ ചുമതലയുള്ള യു എസ് സീക്രട്ട് സർവീസ് വ്യക്തമാക്കി.
സംഭവത്തിലെ പ്രതി 58 വയസുകാരനായ റയാൻ വെസ്‌ലി റൗത്തിനെ അറസ്‌റ്റ് ചെയ്‌തു. നോർത്ത് കരോലിന ഗ്രീൻസ്ബൊറോയിലെ ഒരു മുൻ നിർമ്മാണതൊഴിലാളിയാണ് റയാൻ റൗത്ത്. ആയുധങ്ങൾ ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങളിൽ അതീവ തല്പരനാണ് ഇയാൾ എന്നാണ് പോലീസ് പറയുന്നത്. ഗോപ്രോ ക്യാമറയും ബാക്‌പാക്കും ആക്രമണത്തിനുപയോഗിച്ച ഒരു എകെ-47 തോക്കും ഇയാളിൽ നിന്നും പിടികൂടിയിട്ടുണ്ട്.
ജൂലായ് 13ന് പെൻസിൽവാനിയയിലെ റാലിയിൽ പങ്കെടുക്കവെയാണ് ട്രംപിനെതിരെ ആദ്യ വധശ്രമം ഉണ്ടായത്. 20 കാരനായ ആക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചു കൊല്ലുകയായിരുന്നു.
Discussion about this post