തിരുവനന്തപുരം: സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്. ഒരിടവേള കഴിഞ്ഞ് എത്തിയപ്പോഴാണ് ഇതേക്കുറിച്ച് കൂടുതൽ മനസിലായത് എന്നും നടി പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു നടി.
സിനിമയിൽ സ്ത്രീകളും പുരുഷന്മാരും ലഹരി ഉപയോഗിക്കും. ലഹരി ഉപയോഗിക്കാതെ സിനിമയിൽ പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് കരുതുന്നവരാണ് ഭൂരിഭാഗവും. ഒരിടവേളയ്ക്ക് ശേഷം രണ്ടാമത് സിനിമ ചെയ്ത് തുടങ്ങിയ സമയത്താണ് തനിക്ക് ഇക്കാര്യം മനസിലായത്. ആദ്യം സിനിമ തുടങ്ങിയ കാലത്ത് വളരെ കുറച്ച് പേർ മാത്രമേ ലഹരി ഉപയോഗിച്ചിരുന്നുള്ളൂ. എന്നാൽ ഇന്ന് അങ്ങനെയല്ല. എല്ലാ സെറ്റിലും ഇത് തന്നെയാണ് അവസ്ഥയെന്നും സാന്ദ്രാ പ്രതികരിച്ചു.
രണ്ടാമത് സിനിമ ചെയ്യാൻ തുടങ്ങിയ സമയത്ത് ചെമ്പൻ വിനോദ് തന്നെ വിളിച്ചിരുന്നു. ഒന്നു കൂടി ആലോചിച്ചിട്ട് സിനിമാ മേഖലയിലേക്ക് വന്നാൽ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കാരണം എന്താണെന്ന് താൻ ചോദിച്ചു. നീയുണ്ടായിരുന്ന സാഹചര്യം അല്ല ഇപ്പോൾ സിനിമാ മേഖലയിൽ ഉള്ളത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എല്ലാം മാറി. നിനക്ക് പിടിച്ച് നിൽക്കാൻ കഴിയുമോയെന്ന് ആലോചിച്ചിട്ട് വന്നാൽ മതി. എല്ലാവരും കെമിക്കൽ ഉപയോഗിക്കുന്ന ആളുകൾ ആണ്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഉപയോഗിക്കും. ഇതൊക്കെ നിനക്ക് മാനേജ് ചെയ്യാൻ കഴിയുമോ?. അതുകൊണ്ട് നന്നായി ആലോചിക്കുവെന്നും അദ്ദേഹം തന്നോട് പറഞ്ഞിരുന്നുവെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.
Discussion about this post