തിരുവനന്തപുരം: സംസ്ഥാനത്ത് നേരിയ മഴ തുടരുമെന്ന് വ്യക്തമാക്കി കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം. ശക്തമായ മഴ ഒരിടത്തും പ്രവചിക്കുന്നില്ലെങ്കിലും വിവിധ ജില്ലകളിൽ നേരിയ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അപകടകരമായ മഴ സാധ്യത ഇല്ലാത്തതിനാൽ സംസ്ഥാനത്ത് എവിടെയും മഴ അലെർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല .
അതെ സമയം ചൊവ്വാഴ്ച പുലർച്ചെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ താരതമ്യേന മഴ കുറവായിരിക്കും. മറ്റെല്ലായിടത്തും ഇടത്തരം മഴ ലഭിക്കും.
അതെ സമയം വ്യാഴാഴ്ചവരെ തെക്കു പടിഞ്ഞാറൻ അറബിക്കടലിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങളിലും അതിനോട് ചേർന്നിട്ടുള്ള മധ്യ പടിഞ്ഞാറൻ അറബിക്കടലിന്‍റെ ഭാഗങ്ങളിലും ഒരു മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് നിർദ്ദേശമുണ്ട്.
Discussion about this post