തിരുവനന്തപുരം: റേഷൻ കടകളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ അലംഭാവം കാണിച്ച് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാർ മാസങ്ങളായി നിർദ്ദേശിക്കുന്നുണ്ടെങ്കിലും റേഷൻ കാർഡ് മസ്റ്ററിങ് നടത്താതെ അലംഭാവം കാണിക്കുകയാണ് സർക്കാർ. ഇതിനെ തുടർന്ന് റേഷൻ കാർഡ് മസ്റ്ററിങ് ഉൾപ്പെടെ വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒന്നര മാസം സമയം അനുവദിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിനുള്ളിൽ കാര്യങ്ങൾക്ക് നടപടിയായില്ലെങ്കിൽ കേരളത്തിന് റേഷൻ അരി ലഭിച്ചേക്കില്ലെന്നാണ് റിപോർട്ടുകൾ പുറത്ത് വരുന്നത്.
റേഷൻ കാർഡ് മസ്റ്ററിംഗ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതിക തകരാർ മൂലം നിർത്തി വച്ചതിനു ശേഷം പിന്നീട് പുനരാരംഭിച്ചിരുന്നില്ല . മസ്റ്ററിംഗ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ സാങ്കേതിക പ്രശ്നം പരിഹരിക്കാൻ വേണ്ട ഒരു നടപടികളും സംസ്ഥാനം കൈക്കൊണ്ടില്ല. ഇതേ തുടർന്നാണ് ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കമമെന്ന് കാട്ടി കേന്ദ്രം സംസ്ഥാന സർക്കാരിന് കത്ത് നൽകിയത്.
റേഷൻ കാർഡിൽ പേര് ഉള്ളവരെല്ലാം മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരിവിഹിതം നൽകില്ലെന്നാണ് കേന്ദ്രം അയച്ച കത്തിൽ അറിയിച്ചത്. തുടർന്ന് മറ്റന്നാൾ മുതൽ മസ്റ്ററിംഗ് നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
Discussion about this post