ന്യൂഡൽഹി : യുഎസ് സുപ്രീംകോടതി വിധി അനുസരിച്ചുള്ള പുതിയ താരിഫ് ഘടന നിലവിൽ വരുന്നത് വരെ ഇന്ത്യ-യുഎസ് വ്യാപാര കരാർ ഒപ്പിടൽ നിർത്തിവയ്ക്കുമെന്ന് കേന്ദ്രസർക്കാർ. നടപ്പിലാക്കിയതിനുശേഷം മാത്രമേ ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ഒപ്പുവെക്കുകയുള്ളൂവെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ അറിയിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ഏർപ്പെടുത്തിയ പരസ്പര താരിഫുകൾ റദ്ദാക്കി യുഎസ് സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ തീരുമാനം.
വ്യാപാര കരാറിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് ന്യൂഡൽഹി നിലവിൽ വാഷിംഗ്ടണുമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് വാണിജ്യ സെക്രട്ടറി തിങ്കളാഴ്ച നടത്തിയ ഒരു വ്യാപാര ഡാറ്റാ ബ്രീഫിംഗിൽ വ്യക്തമാക്കി. അമേരിക്കയ്ക്ക് പുറമെ, വ്യാപാര പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളുമായും പ്രാദേശിക ഗ്രൂപ്പുകളുമായും സർക്കാർ ആറ് സ്വതന്ത്ര വ്യാപാര കരാറുകൾ (എഫ്‌ടിഎ) നിലവിൽ ചർച്ച ചെയ്യുന്നുണ്ടെന്നും രാജേഷ് അഗർവാൾ അറിയിച്ചു. ഓസ്‌ട്രേലിയ, ശ്രീലങ്ക, പെറു, ചിലി, യുറേഷ്യൻ ഇക്കണോമിക് യൂണിയൻ (ഇഎഇയു), ഇസ്രായേൽ എന്നിവരുമായി ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ തുടരുകയാണ്.








