ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റ് (ജെ.എന്‍.യു.എസ്.യു) കന്‍ഹയ കുമാറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട പ്രതി അഫ്സല് ഗുരുവിന് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്ത കണ്ടാലറിയുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റവും ചുമത്തിയിട്ടുണ്ട്.
സര്‍വകലാശാലയില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. ഭാരതമാതാവിനെ അപമാനിക്കുന്നവരോട് സഹിഷ്ണുത കാണിക്കില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പറഞ്ഞിരുന്നു. ഇരുവരുടെയും പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് വിദ്യാര്‍ത്ഥി നേതാവിന്റെ അറസ്റ്റ്.
അഫ്സല് ഗുരുവിന്റെ മരണവാര്‍ഷിക ദിനമായ ഫെബ്രുവരി 9നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. അഫസല്‍ ഗുരുവിന്റെയും മഖ്ബൂല്‍ ഭട്ടിന്റെയും വധശിക്ഷകള്‍ ജുഡീഷ്യല്‍ കൊലപാതകങ്ങളാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പരിപാടിക്കിടെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായി ആരോപണമുണ്ടായി. എ.ബി.വി.പി പ്രവര്‍ത്തകര്‍ പരിപാടിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
അതേ സമയം ബുധനാഴ്ച്ച ഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങിന് നേതൃത്വം നല്കിയ ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ എസ്എആര്‍ ഗിലാനിയ്ക്കെതിരെയും പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇദ്ദേഹത്തെ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്സല് ഗുരുവിനൊപ്പം ഗൂഢാലോചന കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിച്ച എസ്എആര്‍ ഗിലാനിയെ പിന്നീട് തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു. പ്രസ്ക്ലബ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച യോഗത്തിനെതിരെ ഡല്‍ഹി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഐപിസി 124 എ രാജ്യദ്രോഹ കുറ്റം, 120 ബി ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പിസിഐ അംഗമായ സംഘാടകനെ തിരിച്ചറിഞ്ഞതായും ഇയാളെ ഉടന്‍ പിടികൂടുമെന്നും ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
Discussion about this post