എറണാകുളം: സിനിമാ സെറ്റിൽ നിന്നും തനിക്കും നിരവധി ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി സുരഭി ലക്ഷ്മി. ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരുന്നപ്പോൾ വലിയ അവഗണന ആയിരുന്നു ലഭിച്ചിരുന്നത്. കാരവനിൽ കയറി വസ്ത്രം മാറിയതിന് വലിയ അസഭ്യവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും നടി പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു സുരഭി ലക്ഷ്മി.
ഒരിക്കൽ മഴ നനഞ്ഞുള്ള സീനിൽ അഭിനയിക്കുകയായിരുന്നു. ഇതിനായി രാവിലെ മുതൽ വൈകുന്നേരം വരെ മഴ കൊണ്ട് നിൽക്കേണ്ട അവസ്ഥയുണ്ടായി. വൈകുന്നേരമാണ് ആ സീൻ തീർന്നത്. പെർമിഷന്റെ സമയം കഴിഞ്ഞതോടെ എല്ലാവരോടും ലൊക്കേഷൻ വിടാൻ പറഞ്ഞു. ആകെ നനഞ്ഞ് കുതിർന്ന ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിച്ചു. അപ്പോഴാണ് അവിടെയുള്ള മാനേജർ കാരവനിൽ പോയി വസ്ത്രം മാറാൻ പറഞ്ഞത്.
താൻ അകത്ത് പോയി വസ്ത്രം മാറി. ഇതിനിടെ എങ്ങനെയോ ഇക്കാര്യം കാരവന്റെ ഡ്രൈവർ അറിഞ്ഞു. അയാൾ അകത്ത് വന്ന് പറഞ്ഞ ചീത്ത ജന്മത്ത് മറക്കാൻ കഴിയില്ല. കണ്ണിൽ നിന്നും കണ്ണുനീര് അല്ല മറിച്ച് ചോരയാണ് പൊടിഞ്ഞത് എന്നും സുരഭി പറഞ്ഞു.
പ്രതിഫലവും ശരിയായി ലഭിക്കാറില്ല. ടി എ ചോദിച്ചതിന് സുരഭി സീരിയൽ നടിമാരെ പോലെ സംസാരിക്കരുത് എന്ന് പറഞ്ഞവരുണ്ട്. സീരിയൽ നടിമാർക്ക് എന്താണ് കുഴപ്പം. താൻ സീരിയലിൽ നിന്നാണ് സിനിമയിലേക്ക് എത്തിയത്. വണ്ടിക്കൂലി ചോദിക്കുന്നതും വലിയ വിഷയമാക്കി എന്നും സുരഭി ലക്ഷ്മി കൂട്ടിച്ചേർത്തു.











