പാകിസ്താന്റെ രാഷ്ട്രീയ-ഭരണ ഘടനയെ ആകെ മാറ്റിയെഴുതുന്ന വൻ നീക്കങ്ങൾക്ക് സൈനിക നേതൃത്വം തയാറെടുക്കുന്നതായി റിപ്പോർട്ട് . രാജ്യത്ത് പ്രസിഡൻഷ്യൽ ഭരണരീതി നടപ്പാക്കാനും സർക്കാരിന്റെയും സൈന്യത്തിന്റെയും നിയന്ത്രണം പൂർണ്ണമായും ഫീൽഡ് മാർഷൽ ആസിം മുനീറിന്റെ കൈകളിലേക്ക് എത്തിക്കാനുമാണ് 10 വർഷത്തെ മാസ്റ്റർ പ്ലാനിലൂടെ സൈന്യം ലക്ഷ്യമിടുന്നത് ഇതുവഴി ജനാധിപത്യ സർക്കാരുകളുടെ പ്രാധാന്യം കുറച്ച്, നിർണായക തീരുമാനങ്ങളിൽ സൈന്യത്തിന് ഭരണഘടനാപരമായ പങ്കാളിത്തം ഉറപ്പാക്കാനാണ് നീക്കം നടക്കുന്നത്
നിലവിലെ പാർലമെന്ററി സമ്പ്രദായം മാറ്റി തുർക്കിയിലെ റെജെപ് തയ്യിപ് എർദോഗൻ, ഈജിപ്തിലെ അബ്ദെൽ ഫത്താഹ് അൽ സിസി എന്നിവരുടെ മാതൃകയിൽ ശക്തമായ പ്രസിഡൻഷ്യൽ രീതി കൊണ്ടുവരാനാണ് മുനീറിന്റെ പദ്ധതി. ഇത് വേഗത്തിലുള്ള തീരുമാനങ്ങൾക്കും നയരൂപീകരണത്തിനും സഹായിക്കുമെന്നാണ് സൈന്യത്തിന്റെ വാദം. എന്നാൽ ഇതിനുപിന്നിൽ ഷെരീഫ്, ഭൂട്ടോ-സർദാരി തുടങ്ങിയ രാഷ്ട്രീയ കുടുംബങ്ങളുടെ സ്വാധീനം അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്. ഇതിന്റെ ഭാഗമായി നിർദ്ദിഷ്ട 28-ാം ഭരണഘടനാ ഭേദഗതിയിലൂടെ പുതിയ പ്രവിശ്യകളും ഭരണ യൂണിറ്റുകളും രൂപീകരിക്കാനും സാമ്പത്തിക വിഹിത വിതരണത്തിൽ മാറ്റങ്ങൾ വരുത്താനും പദ്ധതിയുണ്ട്.
തകർച്ച നേരിടുന്ന പാക് സാമ്പത്തിക രംഗത്തെ വീണ്ടെടുക്കാൻ സൈന്യത്തിന് കൂടുതൽ അധികാരം നൽകുന്ന ‘സ്‌പെഷ്യൽ ഇൻവെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷൻ കൗൺസിലിന്റെ’ (SIFC) 10 വർഷത്തെ സാമ്പത്തിക റോഡ്‌മാപ്പും ഇതിനൊപ്പം നടപ്പാക്കും. ഖനനം, പ്രതിരോധ വ്യവസായം, വിദേശ നിക്ഷേപം എന്നിവയിൽ സൈന്യത്തിന് നേരിട്ട് നിയന്ത്രണം ലഭിക്കുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത് എന്നിരുന്നാലും, പാർലമെന്ററി ജനാധിപത്യം തകർക്കുന്ന ഈ ഭരണഘടനാ തിരുത്തലുകൾ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളിൽ നിന്നും കടുത്ത എതിർപ്പിന് കാരണമായേക്കും.











