തിരുവനന്തപുരം: വെങ്ങാനൂർ പൗർണമി കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി ദുബായ് പൊലീസിലെ മേജറും, എക്സ്ട്രാ ഓർഡിനറി അംബാസഡറുമായ ഒമർ അലി മർസൂഖി. പൗർണമി കാവിലെ ദേവിയെ തൊഴുതപ്പോൾ അവാച്യമായ അനുഭൂതി അനുഭവപ്പെട്ടെന്നും, ഭാരതീയ ആത്മീയതയായ സനാതന ധർമ്മത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ ഓരോ അക്ഷരങ്ങളുടെയും ദേവതാ പ്രതിഷ്ഠയെ അത്ഭുതത്തോടെയാണ് ഒമർ അൽ മർസൂഖി നോക്കി കണ്ടത്.
ക്ഷേത്രം മഠം അധിപതി സിൻഹ ഗായത്രിയും, മുഖ്യ കാര്യദർശി എം എസ് ഭുവനചന്ദ്രനും, ക്ഷേത്രം ട്രസ്റ്റികളായ പള്ളിയറ ശശി, കിളിമാനൂർ, പ്രവാസി വ്യവസായി ജയന്ത കുമാർ, അജിത് നന്ദു എന്നിവർ ചേർന്നാണ് ഒമർ അൽ മർസൂഖിയെ സ്വീകരിച്ചത്.
പൗർണമിക്കാവ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ ബാല ത്രിപുര സുന്ദരി ദേവിയാണ് (ആയ് രാജവംശത്തിലെ യുദ്ധദേവത). കേരളത്തിലെ തിരുവനന്തപുരത്ത് വെങ്ങാനൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 51 അക്ഷര ദേവതകളുടെ പ്രതിഷ്ഠയും ആരാധനയും കാരണം ഈ ക്ഷേത്രത്തെ ‘അക്ഷര ദേവത’ ക്ഷേത്രം എന്നും വിളിക്കുന്നു.
പൗർണമി നാളിലും നവാഹം, ഉത്സവം, വിദ്യാരംഭം തുടങ്ങിയ ചില പ്രത്യേക അവസരങ്ങളിലും മാത്രമേ ഈ ക്ഷേത്രം തുറക്കാറുള്ളൂ എന്ന പ്രേത്യേകതയും പൗർണമിക്കാവിനുണ്ട് .
Discussion about this post