ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി അമേരിക്കയിലേക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അദ്ദേഹം അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിലും, ഐക്യരാഷ്ട്ര സഭയുടെ ഉച്ചകോടിയിൽ സംസാരിക്കുന്നതിനും വേണ്ടിയാണ് അദ്ദേഹത്തിന്റെ അമേരിക്കൻ യാത്ര. ഈ പരിപാടികൾക്കിടെയാകും ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച. നിർണായക നയതന്ത്ര വിഷയങ്ങൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്യും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക കൂടി ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ യാത്ര.
ക്വാഡ് യോഗത്തിന്റെ ഭാഗമായി തന്റെ സഹപ്രവർത്തകരായ പ്രസിഡന്റ് ജോ ബൈഡൻ, പ്രധാനമന്ത്രിമാരായ ആൽബനീസ്, കിഷിദ എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ കഴിയുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. സമാധാനം, സമൃദ്ധി, വികസനം എന്നിവ മാത്രം ആഗ്രഹിക്കുന്ന, ഒരേ മനസ്സോടെ ചിന്തിക്കുന്നവരാണ് ക്വാഡിലെ അംഗ രാജ്യങ്ങൾ. അമേരിക്കയിൽ എത്തിയ ശേഷം അവിടുത്തെ ഇന്ത്യൻ സമൂഹത്തെ കാണും. അമേരിക്കയിലെ പ്രമുഖ വ്യാപാര കമ്പനികളുടെ ഉടമകളുമായും സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post