തിരുവനന്തപുരം: തനിക്ക് ഇടതുപക്ഷ പശ്ചാത്തലമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി പിവി അൻവർ എംഎൽഎ. താൻ പഴയ കോൺഗ്രസുകാരനാണ്. ഇഎംഎസും പഴയകോൺഗ്രസാണ്. അദ്ദേഹം കെപിസിസി സെക്രട്ടറിയായിരുന്നുവെന്ന് പിവി അൻവർ പറഞ്ഞു.
കള്ളക്കടത്തിന്റെ പങ്ക് പൊളിറ്റിക്കൽ സെക്രട്ടറി ശശി പറ്റുന്നുണ്ടോയെന്ന് അന്വേഷിക്കണം. ശശിയുടെ പ്രവർത്തനം മാതൃകപരമെന്ന് മുഖ്യമന്ത്രി പറയുന്നത് അദ്ദേഹത്തിന്റെ വിശ്വാസമാണ്. തനിക്ക് ആ വിശ്വാസം തീരെയില്ല. നായനാർ മന്ത്രിസഭയിലെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം പുറത്തായത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാം. ആ മാനസികാവസ്ഥയിൽ നിന്നും അദ്ദേഹം മാറിയിട്ടില്ലെന്ന് പിവി അൻവർ കുറ്റപ്പെടുത്തി.
ശശിയോട് പറഞ്ഞിട്ടുള്ള കാര്യമെല്ലാം ഈ നാടുമായും പോലീസുമായും ബന്ധപ്പെട്ട കാര്യമാണ്. വീട്ടിലെ കാര്യങ്ങളുമായല്ല ശശിയുടെ അടുത്തുപോകുന്നതെന്ന് പിവി അൻവർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഉപദേശം നൽകുന്നവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടേയിരിക്കുന്നുവെന്നും അൻവർ പറഞ്ഞു.
Discussion about this post