ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. 32 കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 4-5 ദിവസങ്ങൾ പഴക്കമുള്ളതാണ് മൃതദേഹം എന്നാണ് പോലീസ് സംശയിക്കുന്നത്.
ബെംഗളൂരുവിലെ വയലിക്കാവൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ തന്നെ വീട്ടിലെ ഫ്രിഡ്ജില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് കാലമായി ബെംഗളൂരുവിലാണ് ഇവർ താമസിച്ചിരുന്നത്. അടുത്തിടെയാണ് ഇവർ വയലിക്കാവലിലെ വീട്ടിലേയ്ക്ക് താമസം മാറിയതെന്നാണ് വിവരം. ഒറ്റക്കായിരുന്നു യുവതി ഇവിടെ താമസിച്ചിരുന്നത് എന്നാണ് അയൽവാസികൾ പറയുന്നത്.
യുവതിയെ കാണാനായി അമ്മയും സഹോദരിയും രാവിലെ വീട്ടിലെത്തിയപ്പോൾ വീടിനുള്ളിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ടു. തുടര്‍ന്ന് ഫ്രിഡ്ജ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ആരാണ് കൊലപാതകം നടത്തിയത് എന്ന് വ്യക്തമല്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post