കൊച്ചി: മലയാളസിനിമയുടെ നടനവിസ്മയം മോഹൻലാലും മകൻ പ്രണവും ഒരു സിനിമയിൽ ഒന്നിക്കുന്നു. പ്രണവ് മോഹൻലാൽ തെലുങ്കിൽ അരങ്ങേറ്റം നടത്തുന്ന ചിത്രത്തിലാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ എത്തുന്നത്. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ട താരം സമ്മതം അറിയിച്ചതായാണ് വിവരം. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. നേരത്തെ കൊരട്ടല ശിവ സംവിധാനം ചെയ്ത ജനതഗ്യാരേജിൽ മോഹൻലാൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു,
മോഹൻലാൽ നായകനായ ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് പ്രണവ് അഭിനയരംഗത്തേക്ക് എത്തുന്നത്. സാഗർ ഏലിയാസ് ജാക്കി റീലോഡഡ്,ആദി,മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിൽ മോഹൻലാലും പ്രണവും എത്തിയിരുന്നു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്. ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വർഗീസ്, നിവിൻ പോളി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. മികച്ച പ്രതികരണം നേടിയ ചിത്രം 80 കോടിയോളമാണ് ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്.
അതേസമയം ജൂനിയർ എൻടിആറിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ദേവര എഴുതി സംവിധാനം ചെയ്യുന്നത് കൊരട്ടാല ശിവയാണ്. ഈ വരുന്ന സെപ്തംബർ 27നാണ് ചിത്രം റിലീസിന് തയ്യാറാകുന്നത്. ചിത്രത്തിൽ ജാൻവി കപൂറാണ് ജൂനിയർ എൻടിആറിൻറെ നായികയായി എത്തുന്നത്.
Discussion about this post