ന്യൂഡൽഹി : 17 വയസ്സുകാരിയെ ഗർഭിണിയാക്കിയ സംഭവത്തിൽ പോലീസ് എടുത്ത പോക്സോ കേസ് റദ്ദാക്കി കോടതി. ഡൽഹി ഹൈക്കോടതിയാണ് ഇത്തരത്തിൽ ഒരു അസാധാരണ നടപടി സ്വീകരിച്ചിരിക്കുന്നത്. 19 വയസ്സുകാരനെതിരെയാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നത്. എന്നാൽ നടന്നത് പീഡനം അല്ല എന്നാണ് സംഭവത്തിൽ കോടതി വിലയിരുത്തിയിട്ടുള്ളത്.
അയൽവാസികളായ 19 വയസ്സുകാരനും 17കാരിയും ദീർഘനാളായി പ്രണയത്തിലായിരുന്നു. ഒരു വർഷം മുൻപ് ഇവർ പരസ്പര സമ്മതത്തോടെ വിവാഹിതരാവുകയും ചെയ്തു. ഈ ബന്ധത്തിൽ പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ല എന്ന കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് കേസെടുക്കുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് യുവാവിനെതിരെ പോക്സോ വകുപ്പ് ചുമത്തുകയും ആയിരുന്നു.
എന്നാൽ പെൺകുട്ടി പ്രസവിച്ചതോടെ നവജാത ശിശുവിന് മാതാപിതാക്കളുടെ സംരക്ഷണം ആവശ്യമാണെന്നുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഡൽഹി ഹൈക്കോടതി പോക്സോ കേസ് റദ്ദാക്കിയിരിക്കുന്നത്. എഫ്ഐആർ റദ്ദാക്കിയില്ലെങ്കിൽ നവജാതശിശു അടക്കം മൂന്നു വ്യക്തികളുടെ ജീവിതമായിരിക്കും തകരുക എന്നുള്ളതിനാൽ മാനുഷിക പരിഗണന നൽകിയാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post