ന്യൂഡൽഹി : യുഎസ് സന്ദർശനത്തിനിടെ യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷം പരിഹരിക്കാനും യുദ്ധ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ പിന്തുണ മോദി ആവർത്തിച്ചു.
സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ഫോട്ടോകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. ആഗസ്റ്റിലെ യുക്രൈൻ സന്ദർശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനെടുത്ത തീരുമാനം നടപ്പിലാക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും, യുക്രൈൻ സംഘർഷം പരിഹരിച്ച് സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യയുടെ പിന്തുണ ഊട്ടിയുറപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
മൂന്നു ദിവസത്തെ പ്രധാനമന്ത്രിയുടെ യുഎസ് പര്യടനത്തിനിടെ തിങ്കളാഴ്ച ന്യൂയോർക്കിൽ വച്ചാണ് സെലൻസ്ല്കിയെ കണ്ടത്. ഒരു മാസത്തിനുള്ളിൽ മോദിയും സെലൻസ്‌കിയും തമ്മിൽ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.
ഡെലവെയറിലെ വിൽമിംഗ്ടണിൽ നടന്ന ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ന്യൂയോർക്കിൽ എത്തിയ മോദി അവിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഉഭയകക്ഷി ചർച്ചയും നടത്തി. സെപ്റ്റംബർ 22 ഞായറാഴ്ച ലോംഗ് ഐലൻഡിൽ നടന്ന ‘മോദി&യുഎസ്’ മെഗാ കമ്മ്യൂണിറ്റി ഇവന്റിൽ പ്രധാനമന്ത്രി മോദി ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റിയിലെ ആയിരക്കണക്കിന് അംഗങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു.
Discussion about this post