ന്യൂഡൽഹി : ബുഡാപെസ്റ്റിലെ സുവർണ്ണ നേട്ടത്തിനു ശേഷം രാജ്യത്തേക്ക് മടങ്ങിയെത്തിയ ചെസ് ഒളിമ്പ്യാഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച ബുഡാപെസ്റ്റിൽ നടന്ന ചെസ് ഒളിമ്പ്യാഡ് 2024 ൽ ഓപ്പൺ സെക്ഷൻ വിഭാഗത്തിൽ സ്വർണം നേടിയ പുരുഷ-വനിതാ ടീമുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രധാനമന്ത്രിക്ക് തങ്ങളുടെ വക പ്രത്യേക സമ്മാനവുമായി ആണ് ഇന്ത്യൻ ടീമുകൾ ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിച്ചേർന്നത്.
പ്രധാനമന്ത്രിക്ക് ഒരു ചെസ്സ് ബോർഡ് ആണ് താരങ്ങൾ സമ്മാനിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യൻ താരങ്ങളായ അർജുൻ എറിഗൈസിയും ആർ പ്രഗ്നാനന്ദയും ചേർന്ന പ്രധാനമന്ത്രിക്ക് മുൻപിൽ ഒരു മത്സരവും കാഴ്ചവച്ചു. ബുഡാപെസ്റ്റിൽ പുരുഷ ടീമിൻ്റെ വീരോചിത പ്രകടനത്തിന് തൊട്ടുപിന്നാലെ വനിതാ ടീമും സ്വർണം നേടിയതോടെ ഇന്ത്യ ചരിത്ര വിജയമായിരുന്നു സ്വന്തമാക്കിയത്.
ഗുകേഷ് ഡി, പ്രഗ്നാനന്ദ ആർ, അർജുൻ എറിഗൈസി, വിദിത് ഗുജറാത്തി, പെൻ്റല ഹരികൃഷ്ണ, ശ്രീനാഥ് നാരായണൻ എന്നിവരടങ്ങിയ ഇന്ത്യൻ പുരുഷ ടീം ആണ് സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. അവസാന റൗണ്ട് മത്സരങ്ങളിൽ സ്ലൊവേനിയയ്‌ക്കെതിരെയാണ് ഓപ്പൺ വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണം ഉറപ്പാക്കിയത് . ഹരിക ദ്രോണവല്ലി, വൈശാലി രമേഷ്ബാബു, ദിവ്യ ദേശ്മുഖ്, വന്തിക അഗർവാൾ, ടാനിയ സച്ച്‌ദേവ്, അഭിജിത് കുൻ്റെ എന്നിവരടങ്ങിയ ഇന്ത്യൻ വനിതാ ടീം കസാക്കിസ്ഥാനെയും അമേരിക്കയെയും മറികടന്നാണ് ചെസ് ഒളിമ്പ്യാഡിൽ സ്വർണം നേടിയത്.
Discussion about this post