ലോകത്ത് ശ്രവണസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവരുടെ എണ്ണം ക്രമാധീതമായി വർദ്ധിച്ചതായി പഠനം. ലോകാരോഗ്യ സംഘടനയാണ് ഈ കാര്യം വ്യക്തമാക്കുന്നത്. 16 മുതൽ 25 വരെ പ്രായമായ ഏതാണ്ട് 40 ശതമാനത്തോളം ആളുകളിൽ ഏതെങ്കിലും തരത്തിലുള്ള കേൾവി പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വാർധക്യ രോഗത്തിൻറെ ഗണത്തിൽ പെട്ട കേൾവിക്കുറവ് യുവാക്കൾക്കിടയിൽ വ്യാപകമായത് വളരെ ഗൗരവമുള്ള വിഷയമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ദീർഘനേരം ഉയർന്ന ശബ്ദത്തിൽ പതിവായി ഇയർഫോൺ ഉപയോഗിക്കുന്നത് നോയിസ് ഇൻഡ്യൂസ്ഡ് ഹിയറിങ് ലോസ് (എൻഐഎച്ച്എൽ) എന്ന അവസ്ഥയിലേക്ക് നയിക്കാം. ചെറുപ്പക്കാർക്കിടയിലാണ് ഇത് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. അമിതമായ ശബ്ദ തരംഗത്തെ തുടർന്ന് ചെവിയിലെ കോക്ലിയയ്ക്കുള്ളിൽ രോമകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതാണ് എൻഐഎച്ച്എൽ. ഇത് കേൾവി ശക്തി പൂർണമായും ഇല്ലാതാകുന്ന അവസ്ഥയിലേക്ക് നയിക്കാം.
ഇയർഫോൺ അനിയന്ത്രിതമായി ഉപയോഗിക്കുന്നത് ചെവിയിൽ വാക്‌സ് അടിഞ്ഞ് അണുബാധകൾക്കും ചെവിവേദനയ്ക്കും കാരണമാകാറുമുണ്ട്.85 ഡെസിബല്ലിന് മുകളിൽ നിരന്തരമായി ശബ്ദം കേൾക്കുന്നത് കേൾവി ശക്തിയെ ഗുരുതരമായി ബാധിക്കും.
വേഗത കുറച്ച് സംസാരിക്കാൻ ആവശ്യപ്പെടുക. വ്യക്തമായി സംസാരിക്കാനോ ഉറക്കെ സംസാരിക്കാനോ പറയുക, പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറയാൻ ആവശ്യപ്പെടുക, ശബ്ദം കുറവാണെന്ന കാരണത്താൽ റേഡിയോ, ടെലിവിഷൻ എന്നിവ ഉയർന്ന ശബ്ദത്തിൽ വയ്ക്കുക, ഫോണിൽകൂടി സംസാരിക്കുമ്പോൾ വീണ്ടും വീണ്ടും കാര്യങ്ങൾ ചോദിക്കുക എന്നിവ കേൾവിക്കുറവിന്റെ ലക്ഷണമാണ്.
ഒരിക്കലും നിങ്ങൾ ഉപയോ?ഗിക്കുന്ന ഇയർ ഫോൺ മറ്റൊരാളുമായി പങ്കുവയ്ക്കരുത്. ഇയർ ഫോണുകൾ, ബ്ലൂടൂത്ത് ഹെഡ് സെറ്റുകൾ എന്നിവയൊന്നും മറ്റൊരാളുമായി പങ്കുവെയ്ക്കാതെ ഇരിക്കുക. ഇത്തരത്തിൽ ചെയ്യുന്നത് പലപ്പോഴും മറ്റൊരാളുടെ ചെവിയിലുള്ള ബാക്ടീരിയകൾ നിങ്ങളുടെ ചെവിയിലേക്ക് വരാൻ കാരണമാകും. കൂടാതെ അവർക്ക് എന്തെങ്കിലും തരത്തിലുള്ള ചെവി രോഗങ്ങൾ ഉണ്ടെങ്കിലും അതും പകരാനുള്ള സാധ്യത കൂടുതലാണ്.
Discussion about this post