ന്യൂഡൽഹി : എജുക്കേഷണൽ ടെക് കമ്പനിയായ ബൈജുവിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. 15,000 കോടിയിലധികം കടം ഉള്ളപ്പോൾ ബിസിസിഐയുമായി മാത്രം കടം തീർക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടെന്ന് എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ബൈജുവിനോട് ചോദിച്ചു. സ്ഥാപനത്തിനെതിരായ പാപ്പരത്ത നടപടികൾ അവസാനിപ്പിക്കുമ്പോൾ പാപ്പരത്ത അപ്പീൽ ട്രിബ്യൂണലായ എൻസിഎൽഎടി വേണ്ട ആലോചന നടത്തിയില്ലെന്നും കോടതി വിമർശിച്ചു .
ബിസിസിഐയുടെ 158.9 കോടി രൂപ കുടിശ്ശിക തീർപ്പാക്കുന്നതിന് ആഗസ്റ്റ് രണ്ടിന് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (എൻസിഎൽടി) ബൈജൂസിനെ അനുവദിച്ചിരുന്നു. ഇത് കമ്പനിക്ക് വലിയ ആശ്വാസം പകരുന്ന നടപടിയായിരുന്നു. കമ്പനിയുടെ നിയന്ത്രണത്തിലേക്ക് തിരിച്ചെത്താനും സ്ഥാപകനായ ബൈജൂ രവീന്ദ്രനെ ഇത് അനുവദിച്ചിരുന്നു.എന്നാൽ ബൈജൂസിൽ നിക്ഷേപമുള്ള യുഎസിലെ ഗ്യാസ് ട്രസ്റ്റ് കമ്പനി എൽഎൽസി സുപ്രീം കോടതിയെ സമീപിച്ചതോടെ ആഗസ്റ്റ് 14-ാം തിയ്യതി പ്രവർത്തനങ്ങൾ കോടതി സ്റ്റേ ചെയ്യുകയായിരുന്നു. സെറ്റിൽമെന്റിന്റെ ഭാഗമായി ബൈജൂസിൽ നിന്ന് ലഭിച്ച തുക പ്രത്യേകമായ ഒരു ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കാൻ ബിസിസിഐ.ാേട് സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തു.
15000 കോടി രൂപയുടെ കടത്തിലാണ് കമ്പനി. കടത്തിന്റെ അളവ് വളരെ വലുതായിരിക്കുമ്പോൾ ഒരു പ്രമോട്ടർ തങ്ങൾക്കു മാത്രം പണം നൽകാൻ തയാറായെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ ബിസിസിഐക്ക് കഴിയുമോ എന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചത്. ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്, കേസ് അപ്പീൽ ട്രിബ്യൂണലിലേക്ക് തിരിച്ചയച്ചേക്കുമെന്ന് സൂചനയും നൽകി.
2019ലാണ് ബൈജൂസും, ബിസിസിഐയും ടീം സ്‌പോൺസർ കരാറിൽ ഒപ്പിട്ടത്. 2022 പകുതി വരെ ബൈജൂസ് പേയ്‌മെന്റ് കൃത്യമായി നൽകിയെങ്കിലും പിന്നീട് മുടങ്ങിയെന്നാണ് കേസ്.
Discussion about this post