ന്യൂഡൽഹി : രാജ്യത്ത് എം പോക്‌സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിളുകൾ ഉടൻ പരിശോധനയ്ക്ക് അയക്കണമെന്ന് കേന്ദ്രം നിർദേശിച്ചു.
ക്ലേഡ് രണ്ടിനെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 . അതിനാൽ രോഗവ്യാപന രീതി, പ്രതിരോധം എന്നിവയെ കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക, ആശുപത്രികളിൽ ഐസൊലേഷൻ സംവിധാനം ഒരുക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് എം പോക്‌സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചത്.
യുഎഇയിൽ നിന്ന് ഈയടുത്ത് കേരളത്തിലെത്തിയ മലപ്പുറം സ്വദേശിയായ 38കാരനിലാണ് ക്ലേഡ് ബി വകഭേദം കണ്ടെത്തിയത്. ദുബായിൽ നിന്നും നാട്ടിലേക്ക് തിരിക്കും മുൻപ് ഇയാൾ പനിക്ക് ചികിത്സ തേടിയിരുന്നു. കഴിഞ്ഞ 13ന് വീട്ടിലെത്തിയതോടെ സമ്പർക്കം ഒഴിവാക്കാനായി പ്രത്യേക മുറിയിൽ കഴിഞ്ഞു. പനിയും തലവേദനയും ശരീരവേദനയും കൂടിയതോടെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങൾ കണ്ടതോടെയാണ് 16ന് മഞ്ചേരി മെഡിക്കൽ കോളേജിലെത്തിയത്. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ നടത്തിയ ജീനോമിക് സ്വീക്വൻസിംഗ് പരിശോധനയിലാണ് വൈറസിന്റെ വകഭേദം തിരിച്ചറിഞ്ഞത്.
clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ രോഗവ്യാപനത്തിനുപിന്നിൽ. പുതിയ വകഭേദം ദ്രുതഗതിയിലാണ് പടരുന്നതെന്നാണ് റിപ്പോർട്ടുകൾ.സ്വീഡനിലും ഇതേ വകഭേദം തന്നെയാണ് വ്യാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. 2022-ലെ രോഗവ്യാപനത്തിന് കാരണമായിരുന്ന് clade IIb വകഭേദമാണ്. അന്ന് 116 രാജ്യങ്ങളിൽ നിന്നായി 100,000 പേരെയാണ് രോഗംബാധിച്ചത്.
Discussion about this post