തിരുവനന്തപുരം; മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് നിലമ്പൂർ എംഎൽഎ. ഇനി കോടതി നടപടികളിലേക്ക് കടക്കുമെന്നും ബാക്കി കാര്യങ്ങൾ ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ സോഷ്യൽമീഡിയയിൽ ഗൂഗിൾ ഫോം പുറത്ത് വിട്ടിരിക്കുകയാണ് പിവി അൻവർ. ഞാൻ ഉന്നയിച്ച ആരോപണങ്ങൾ ചർച്ച ചെയ്യേണ്ടത് ഈ നാട്ടിലെ ജനങ്ങളാണു. അതൊക്കെ ഇന്നും ചോദ്യചിഹ്നമായി അവിടെ തന്നെയുണ്ട്.ഇക്കാര്യങ്ങളിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി പറഞ്ഞത് താൻ അനുസരിച്ചു. കേസ് സത്യസന്ധമായി അന്വേഷിക്കണമെന്നായിരുന്നു തന്റെ ആവശ്യം. എന്നാൽ പാർട്ടി അത് ഏൽക്കാൻ തയ്യാറല്ല. മുഖ്യമന്ത്രി തള്ളി. പിന്നെ താൻ എന്ത് അന്വേഷണ റിപ്പോർട്ടാണ് കാത്തിരിക്കേണ്ടതെന്നും അൻവർ ചോദിച്ചു. ജുഡീഷ്യറിയിൽ മാത്രമേ എനിക്ക് വിശ്വാസമുള്ളൂ. അന്വേഷണ സംഘത്തെ ഹൈക്കോടതി തന്നെ തീരുമാനിക്കണമെന്ന് ആവശ്യപ്പെടും. സ്വർണക്കടത്തിൽ തനിക്ക് പങ്കുണ്ടെങ്കിൽ അന്വേഷണം നടത്തട്ടേയെന്നും അൻവർ പറഞ്ഞു.
മുതിർന്ന നേതാക്കൾ ഇരിക്കെ ഒരേസമയം മന്ത്രിസ്ഥാനവും സെക്രട്ടറിയേറ്റ് അംഗത്വവും റിയാസിന് നൽകിയത് ശരിയായില്ലെന്നും നിലമ്പൂർ എംഎൽഎ പറയുന്നു. ഇത്രയും മുതിർന്ന നേതാക്കൾ ഇരിക്കെയാണ് റിയാസ് മന്ത്രിയായത്. മന്ത്രിയാവാൻ റിയാസിന് അർഹതയുണ്ട്. ഏത് പൊട്ടനും മന്ത്രിയാവാം. കക്ഷിയുടെയും കച്ചവടബന്ധത്തിന്റെയും ഭാഗമായി ഇവിടെ പലരും മന്ത്രിയായിട്ടുണ്ട്. മന്ത്രി സ്ഥാനം അത്ര വലിയ സംഭവമല്ല. അങ്ങനെ തോന്നിയിട്ടില്ല. ഒരേ സമയം റിയാസിനെ മന്ത്രിയും സെക്രട്ടറിയേറ്റ് അംഗവും ആക്കേണ്ട വേഗത വേണ്ടിയിരിന്നോ ശരിയായില്ല. അക്കാര്യം റിയാസിനോട് തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ശത്രുക്കളുണ്ടാവുമെന്ന് താൻ പറഞ്ഞിരുന്നുവെന്നും അൻവർ വ്യക്തമാക്കി.
ഇന്നലെയും അൻവർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. പാർട്ടി ഇവിടെ നിൽക്കണം. ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് കാര്യമില്ല. ഒരു റിയാസിനെ ഉണ്ടാക്കാനല്ല പാർട്ടി പ്രവർത്തിക്കുന്നത്. റിയാസിനേയും ബാക്കിയുള്ളവരേയും താങ്ങി നിർത്താനല്ല പാർട്ടി. അങ്ങനെ ആരെങ്കിലും ധരിക്കുകയും അതിനുവേണ്ടി പി വി അൻവറിന്റെ നെഞ്ചത്ത് കേറാൻ വരികയും വരണ്ട. ഒരു റിയാസ് മാത്രം മതിയോ എന്നായിരുന്നു പത്രസമ്മേളനത്തിൽ അൻവർ ചോദിച്ചത്.
Discussion about this post