ന്യൂയോർക്ക് : മൂന്നുവർഷം മുൻപ് ജോലി രാജിവച്ച് പുറത്തുപോയ ഒരു തൊഴിലാളിയെ തിരികെ എത്തിക്കാനായി ഗൂഗിൾ ചിലവാക്കിയത് 22,593 കോടി. ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ പുനർനിയമനം ആണ് ഗൂഗിൾ നടത്തിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ അത്ഭുതപ്രതിഭയായ നോം ഷസീറിനെയാണ് ഗൂഗിൾ ഇങ്ങനെ പൊന്നുംവിലകൊടുത്ത് തിരികെ എത്തിച്ചിരിക്കുന്നത്.
കാരക്ടർ എഐ എന്ന തന്റെ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിനായാണ് 48 കാരനായ നോം ഷസീർ 2021ൽ ഗൂഗിൾ വിട്ടിരുന്നത്. 2000ലാണ് സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ നോം ഷസീർ ഗൂഗിളിൽ ജോലിയിൽ പ്രവേശിച്ചത്. രണ്ടു പതിറ്റാണ്ടിനു ശേഷം സഹപ്രവർത്തകനായ ഡാനിയൽ ഡി ഫ്രീറ്റാസുമായി ചേർന്ന് വികസിപ്പിച്ച ചാറ്റ് ബോട്ട് പുറത്തിറക്കാനുള്ള അദ്ദേഹത്തിൻ്റെ അഭ്യർത്ഥന ഗൂഗിൾ നേതൃത്വത്തിൽ നിന്നും നിരസിക്കപ്പെട്ടതിനെ തുടർന്ന് 2021-ൽ അദ്ദേഹം കമ്പനിയിലെ ജോലി രാജി വെച്ച് പുറത്തു പോവുകയായിരുന്നു.
നോം ഷസീറും ഡാനിയൽ ഡി ഫ്രീറ്റാസുമായി ചേർന്ന് ആരംഭിച്ച എഐ സംരംഭമായ കാരക്ടർ എഐ നിലവിൽ
സിലിക്കൺ വാലിയിലെ ഏറ്റവും മികച്ച എഐ സ്റ്റാർട്ടപ്പുകളിൽ ഒന്നായി മാറിക്കഴിഞ്ഞു. കഴിഞ്ഞ വർഷം 1 ബില്യൺ ഡോളർ മൂല്യമാണ് ഈ സംരംഭം നേടിയിരിക്കുന്നത്. എന്നാൽ ജെമിനിയുടെ വികസനം ഉൾപ്പെടെ ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുന്നേറ്റങ്ങൾക്ക് നോം ഷസീറിന്റെ തിരിച്ചുവരവ് നിർണായകമായതിനാലാണ് ഗൂഗിൾ കനത്ത വില നൽകി അദ്ദേഹത്തെ തിരികെ എത്തിച്ചിരിക്കുന്നത്.
Discussion about this post