തൃശ്ശൂർ: നഗരത്തിൽ നിർമ്മാണം പൂർത്തിയായ ആകാശപാതയുടെ ഉദ്ഘാടനത്തിന് തൃശ്ശൂർ എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ ക്ഷണിക്കാതെ സംസ്ഥാന സർക്കാർ. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി. സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്ന് ബിജെപി വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ പ്രോട്ടോകോൾ പ്രകാരം സംസ്ഥാന മന്ത്രിയെക്കാൾ മുകളിലാണ് കേന്ദ്ര മന്ത്രിയുടെ സ്ഥാനം എന്ന് ബിജെപി തൃശ്ശൂർ ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ് പറഞ്ഞു. ഉദ്ഘാടനത്തിന് ഈ പ്രോട്ടോകോൾ ആണ് സിപിഎം ലംഘിച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി ആകാശപാത സംസ്ഥാന മന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു. സുരേഷ് ഗോപിയുടെ സൗകര്യം പോലും ചോദിക്കാതെ ആയിരുന്നു ഉദ്ഘാടന തിയതി നിശ്ചയിച്ചത്. പിന്നീട് മുഖ്യാതിഥിയായി നോട്ടീസിൽ ഉൾപ്പെടുത്തി. ഇതുവഴി ജനങ്ങളെ സിപിഎം കബളിപ്പിക്കുകയാണ് എന്നും അനീഷ് കുമാർ കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാരിന്റെ അമൃത് ഫണ്ട് ഉപയോഗിച്ചാണ് ആകാശ പാത നിർമ്മിച്ചിരിക്കുന്നത്. ഇതിൽ സംസ്ഥാന മന്ത്രിയ്ക്ക് യാതൊരു റോളും ഇല്ല. അങ്ങിനെയിരിക്കെ എംബി രാജേഷിനെവച്ച് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുകയാണ്. ഇത് തൃശ്ശൂരിലെ ജനങ്ങൾ പുച്ഛിച്ച് തള്ളും.
തൃശൂർ വികസനത്തിന് 500 കോടി രൂപ നൽകിയ കേന്ദ്രത്തോട് കോർപ്പറേഷൻ നന്ദികേട് കാട്ടി. കേന്ദ്രസർക്കാർ പ്രതിനിധിയെ ക്ഷണിക്കാതിരുന്നത് നെറികേട് ആണ്. ഇതിൽ പ്രതിഷേധിച്ചാണ് ബിജെപി ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചത് എന്നും അനീഷ് വ്യക്തമാക്കി.
Discussion about this post