എറണാകുളം : കേരളത്തിലെ സമൂഹമാദ്ധ്യമങ്ങളിൽ പൊട്ടിത്തെറി സൃഷ്ടിച്ച് കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പുതിയ ലോഗോ. ബ്ലാസ്റ്റേഴ്സിന്റെ കാവി നിറത്തിലുള്ള പുതിയ ലോഗോ ആണ് കേരളത്തിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അതി രൂക്ഷമായ പ്രതികരണങ്ങളും അസഭ്യവർഷവും ആണ് പുതിയ ലോഗോ പങ്കുവെച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെയായി ഈ വിഭാഗം നടത്തുന്നത്.
കാവി നിറമുള്ള പശ്ചാത്തലത്തിൽ ഫുട്ബോൾ പിടിച്ചിരിക്കുന്ന ആനയുടെ വെളുത്ത ചിത്രം അടങ്ങുന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ലോഗോ. എന്നാൽ കാവി നിറം സംഘപരിവാറിന്റെതാണെന്നും ഈ നിറവും കൊണ്ട് കേരളത്തിലേക്ക് വരേണ്ട എന്നും ആണ് സമൂഹമാധ്യമങ്ങളിലൂടെ ബ്ലാസ്റ്റേഴ്സ് ടീമിനെതിരെ അധിക്ഷേപങ്ങൾ നടക്കുന്നത്.
ഈ സംഘി നിറവും കൊണ്ടു വരികയാണെങ്കിൽ പേരിലെ കേരള എന്നുള്ളത് മാറ്റണമെന്നും ബ്ലാസ്റ്റേഴ്സിനെതിരെ ചില സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ നിന്നും ആവശ്യമുയരുന്നുണ്ട്. കോണക ബ്ലാസ്റ്റേഴ്സ് എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവരെയും ടീമിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിന്റെ കമന്റുകളിൽ കാണാൻ കഴിയും. കേരളത്തിൽ വർഗീയത ഇല്ലെന്ന് വിളിച്ചുപറയുന്ന ഒരു വിഭാഗം തന്നെയാണ് ഇത്തരത്തിൽ ഒരു നിറത്തിനെതിരെ പോലും കടുത്ത വർഗീയ വിഷം തുപ്പുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്.
Discussion about this post