ജമ്മു കശ്മീർ: ഭീകരരുടെ ആക്രമണത്തിൽ ഗുരുതരമായി മുറിവേറ്റിട്ടും മരണത്തിന് മുമ്പ് തീവ്രവാദിയെ തീർത്ത് രാജ്യത്തിൻറെ അഭിമാനമായി ബഷീർ അഹമ്മദ്. ജമ്മു കശ്മീർ പോലീസ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് ഞായറാഴ്ച കത്വ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത് . ബില്ലവാർ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള കോഗ് ഗ്രാമത്തിൽ സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് സംഭവം.
തിരച്ചിലിനിടയിൽ ഭീകരർ സുരക്ഷാ സൈനികർക്കെതിരെ വെടിയുതിർക്കുകയായിരുന്നു. ഭീകരരുടെ തിരിച്ചടിയിൽ ഗുരുതരമായി പരിക്കേറ്റിട്ടും, ആത്മധൈര്യം കൈവെടിയാതിരുന്ന ബഷീർ അഹമ്മദ് തന്റെ അവസാന ശ്വാസം പോകുന്നതിനു മുമ്പേ ഒരു ഭീകരനെ വെടി വച്ച് വീഴ്ത്തുകയായിരുന്നു.
ഉദ്യോഗസ്ഥൻ്റെ രക്തസാക്ഷിത്വം പോലീസ് സ്ഥിരീകരിക്കുകയും , അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ “പരമോന്നത ത്യാഗം” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മറ്റ് രണ്ട് ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുഖ്ബീർ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ നിയാസ് അഹമ്മദ് എന്നിവർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റു. ഇരുവരുടെയും ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോർട്ടുണ്ട്.
ഗ്രാമത്തിൽ മൂന്നോ നാലോ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും സുരക്ഷാ സേനയും സംയുക്തമായി ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു . ഒരു ഭീകരനെ കൊലപ്പെടുത്തിയിട്ടുണ്ട്, കൂടുതൽ പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Discussion about this post