ന്യൂഡൽഹി: പി.വി അൻവർ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. അൻവർ തീക്കൊള്ളിക്കൊണ്ടാണ് തലചൊറിയുന്നത് എന്ന് ബാലൻ തുറന്നടിച്ചു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അൻവർ മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്യുകയാണെന്നും ബാലൻ ആരോപിച്ചു.
പാർട്ടിയ്‌ക്കെതിരെ ആരോപണങ്ങൾ നിരത്തി അൻവർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്. മതത്തെയും വിശ്വാസത്തെയും അവർ ദുരുപയോഗം ചെയ്യുന്നു. അഞ്ച് നേരം നിസ്‌കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നത് എന്നാണ് അൻവർ പറഞ്ഞത്. ഇത് പച്ചക്കള്ളം ആണെന്നും എ.കെ ബാലൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിശ്വാസങ്ങൾക്ക് ആരും എതിരല്ല. എന്നാൽ മതത്തെയും വിശ്വാസത്തെയും ഉപയോഗിക്കുന്നത് ശരിയല്ല. ന്യൂനപക്ഷങ്ങൾക്കിടയിൽ മുഖ്യമന്ത്രിയുയെ പ്രതിച്ഛായ തകർക്കാനാണ് അൻവറിന്റെ ശ്രമം. തലശ്ശേരി, മാറാട് കലാപങ്ങളിൽ ഇടപെടൽ നടത്തിയ വ്യക്തിയാണ് പിണറായി. ജീവൻ പോലും പണയംവച്ച് അദ്ദേഹത്തിനൊപ്പം പിണറായി നിന്നിരുന്നുവെന്നത് ഓർക്കണം. കേവലം ആരോപണങ്ങൾ നിരക്കി ഇടത് പക്ഷത്തിന്റെയോ മുഖ്യമന്ത്രിയുടെയോ പ്രതിച്ഛായ തകർക്കാൻ കഴിയില്ലെന്നും ബാലൻ പറഞ്ഞു.
Discussion about this post