ന്യൂഡല്‍ഹി: സുപ്രീംകോടതിയെ അഭിസംബോധന ചെയ്യുമ്പോള്‍ യെസ് എന്നതിന് പകരം ‘യാ’ എന്ന വാക്ക് ഉപയോഗിച്ചതിന് അഭിഭാഷകനെ ശകാരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ‘യാ’ പ്രയോഗം തനിക്ക് അലര്‍ജിയുണ്ടാക്കുന്ന ഒന്നാണെന്നും ഇത് കോടതിമുറിയാണ് അല്ലാതെ കഫേ അല്ലെന്നും ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു.
മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് 2018-ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദത്തിനിടെയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഈ പരാമര്‍ശം. ഇതൊരു ആര്‍ട്ടിക്കിള്‍ 32 ഹര്‍ജിയാണോയെന്നും ഒരു ജഡ്ജിയെ പ്രതിയാക്കി നിങ്ങള്‍ക്കെങ്ങനെ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്യാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഈ സമയത്താണ് അഭിഭാഷകന്‍ ‘യാ, യാ’ എന്ന് പറഞ്ഞുകൊണ്ട് ചോദ്യത്തിനുള്ള മറുപടി പറഞ്ഞു തുടങ്ങിയത്. ഇതോടെ ചീഫ് ജസ്റ്റിസ് തന്റെ ഇടപെടല്‍ നടത്തി. ‘ഇതൊരു കോഫീ ഷോപ്പല്ല, എന്താണ് യാ, യാ. യെസ് യെസ് എന്ന് തന്നെ പറയണം. ഇത് കോടതിയാണ്. ഈ യാ, യാ എനിക്ക് വളരെ അസ്വസ്ഥതയുണ്ടാക്കുന്നു. ഇത് ഇനി അനുവദിക്കാനാകില്ല’ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.
കോടതി മുറിയിലെ മര്യാദകള്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഭാഷകരെ ഓര്‍മ്മപ്പെടുത്തുന്ന സംഭവം ഇതാദ്യമായല്ല നടക്കുന്നത്.. മാര്‍ച്ചില്‍, NEET-UG ഹിയറിംഗിനിടെ, മുതിര്‍ന്ന അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയുമായി ഇത്തരമൊരു സംസാരമുണ്ടാവുകയും അദ്ദേഹത്തെ സെക്യൂരിറ്റിയെ വിളിച്ച് കോടതിമുറിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ചന്ദ്രചൂഡ് ഉത്തരവിടുകയും ചെയ്തിരുന്നു.
Discussion about this post