ബെയ്‌റൂട്ട്: ഹിസ്ബുള്ളയുടെ തലവന്‍ ഹസന്‍ നസറുള്ളയെ ഇസ്രായേല്‍ ആക്രമണത്തില്‍ വധിച്ചതിന് പിന്നാലെ ചര്‍ച്ചയായിരിക്കുകയാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍. നസറുള്ളയെ വധിക്കാന്‍ ഉപയോഗിച്ച ബസ്റ്റര്‍ ബോബ് അമേരിക്കയാണ് ഇസ്രായേലിന് നല്‍കിയതെന്നാണ് ഇറാന്‍ ആരോപിക്കുന്നത്.
ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആക്രമണത്തില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ പോലും നിലംപരിശായതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ഹിസ്ബുള്ളയുടെ മിസൈല്‍ യൂണിറ്റ് കമാന്‍ഡര്‍ മുഹമ്മദ് അലി ഇസ്മയിലിനെയും ഡെപ്യൂട്ടി ഉദ്യോഗസ്ഥനായ ഹുസൈന്‍ അഹമ്മദ് ഇസ്മായിലിനെയും ഇസ്രായേല്‍ സൈന്യം അറിയിച്ചു. തെക്കന്‍ ലെബനനില്‍ നടത്തിയ ആക്രമണത്തിലാണ് ഇവരെ വധിച്ചത്.
എന്താണ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍, പ്രവര്‍ത്തന രീതി
യുഎസ് സൈന്യം വികസിപ്പിച്ചെടുത്ത സവിശേഷ ആയുധങ്ങളിലൊന്നാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍. പരമ്പരാഗത യുദ്ധോപകരണങ്ങള്‍ക്ക് നശിപ്പിക്കാന്‍ കഴിയാത്ത കഠിനമായ സൈറ്റുകള്‍ സൈനിക ബങ്കറുകള്‍, ഭൂഗര്‍ഭ അറകള്‍ എന്നിവ തകര്‍ക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍. ബങ്കറുകളില്‍ കഴിയുന്ന ശത്രുവിനെ ഇല്ലാതാക്കാനാണ് പലപ്പോഴും ഈ ബോംബ് ഉപയോഗിക്കപ്പെട്ടത്.
ഗള്‍ഫ് യുദ്ധകാലത്ത് ഇറാഖി സൈനിക ബങ്കറുകള്‍ നശിപ്പിക്കുന്നതിനായി 1991ല്‍ വികസിപ്പിച്ചെടുത്തതാണ് ഏകദേശം 5,000 പൗണ്ട് ഭാരമുള്ള GBU-28. ലേസര്‍ ഗൈഡന്‍സ് സിസ്റ്റം ഉപയോഗിച്ച് കൃത്യമായ ലക്ഷ്യസ്ഥാനത്ത് ഉപയോഗിക്കാനാകും. പീരങ്കി നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ബോംബിന്റെ ഭൂരിഭാഗവും നിര്‍മിച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ പൊട്ടിത്തെറിക്കുന്നതിന് മുമ്പ് കോണ്‍ക്രീറ്റിലേക്കോ മണ്ണിലേക്കോ തുളച്ചുകയറാനുള്ള കരുത്തുണ്ട്. മണ്ണ്, പാറ, കോണ്‍ക്രീറ്റ് എന്നിവയില്‍ തുളച്ചുകയറാന്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബിനാകും. ലക്ഷ്യസ്ഥാനത്ത് തുളച്ചുകയറി സെക്കന്‍ഡുകള്‍ക്ക് ശേഷം മാത്രമാകും ബോംബ് പൊട്ടുക. ഇതിനായി പ്രത്യേക ഫ്യൂസ് ബോംബില്‍ ഘടിപ്പിച്ചിട്ടുണ്ട്.
ലക്ഷ്യസ്ഥാനം നിര്‍ണയിക്കുന്നതിനുള്ള ലേസര്‍ ഗൈഡഡ്, ജിപിഎസ് സംവിധാനവും ഇത്തരം ബോംബിലുണ്ട്.
Discussion about this post