റാഞ്ചി:ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാർഖണ്ഡ് സന്ദർശന വേളയിൽ സംസ്ഥാനത്തിന് ലഭിക്കാൻ പോകുന്നത് കോടികളുടെ പദ്ധതികൾ. ഹസാരിബാഗിൽ 83,300 കോടി രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നടത്തും.
രാജ്യത്തുടനീളമുള്ള ആദിവാസി സമൂഹങ്ങളുടെ സമഗ്രമായ വികസനം ഉറപ്പാക്കാനുള്ള അദ്ദേഹത്തിൻ്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, 79,150 കോടിയിലധികം രൂപ ചെലവിട്ട ധർത്തി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും.
30 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 549 ജില്ലകളിലെയും 2,740 ബ്ലോക്കുകളിലെയും അഞ്ച് കോടിയിലധികം ആദിവാസികൾക്ക് പ്രയോജനപ്പെടുന്ന 63,000 ഗ്രാമങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട് . ഇന്ത്യാ ഗവൺമെൻ്റിൻ്റെ 17 മന്ത്രാലയങ്ങളും വകുപ്പുകളും നടപ്പിലാക്കുന്ന 25 ഉദ്യമങ്ങളിലൂടെ സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം എന്നിവയിലെ നിർണായക ലക്ഷ്യങ്ങൾ കൈവരിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
ആദിവാസി വിഭാഗങ്ങൾക്കുള്ള വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി 40 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ (ഇഎംആർഎസ്) ഉദ്ഘാടനം ചെയ്യുകയും 2,800 കോടി രൂപ വിലമതിക്കുന്ന 25 ഇഎംആർഎസ്സിന് തറക്കല്ലിടുകയും ചെയ്യും.
Discussion about this post