ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രമുഖ വ്യവസായി എസ്പി. ഒസ്വാളില്‍നിന്ന് ഏഴ് കോടി രൂപ തട്ടിയെടുത്തതായി കേസ്. സൈബര്‍ തട്ടിപ്പുകാരില്‍ രണ്ട് പേരെ പഞ്ചാബ് പോലീസ് അസമില്‍ നിന്ന് അറസ്റ്റ് ചെയ്തു.
പ്രമുഖ വ്യവസായ ഗ്രൂപ്പായ വര്‍ദ്ധമാന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ എസ് പി ഒസ്വാള്‍ ആണ് തട്ടിപ്പിന് ഇരയായത്. ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം നടത്തുന്ന സിബിഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേനെയാണ് തട്ടിപ്പ്.
തട്ടിപ്പിനെക്കുറിച്ച് എസ് പി ഒസ്വാള്‍ പഞ്ചാബ് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ
ഓഗസ്റ്റ് 27 ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പേരില്‍ ലഭിച്ച ഫോണ്‍ കോളിലൂടെയായിരുന്നു തട്ടിപ്പ് കീ പാഡില്‍ ഒമ്പത് അമര്‍ത്തിയില്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ സേവനം വിച്ഛേദിക്കപ്പെടും എന്നായിരുന്നു സന്ദേശം. തുടര്‍ന്ന് ഒസ്വാള്‍ മൊബൈല്‍ കീ പാഡിലെ ഒമ്പത് അമര്‍ത്തി. അല്‍പസമയത്തിന് ശേഷം സിബിഐ ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തി ഒരാള്‍ ബന്ധപെട്ടു.
ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിന് എതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒസ്വാളിന്റെ പങ്ക് സംശയിക്കുന്നുവെന്നും മുംബൈ പോലീസിന്റെ ചില രേഖകളും വാട്സ് ആപ്പിലൂടെ ഓസ്വാളിന് അയച്ചു കൊടുത്തു. തൊട്ട് പിന്നാലെ ഓസ്വാളിനെ ഡിജിറ്റല്‍ കസ്റ്റഡിയില്‍ എടുക്കുന്നതായി ഇവര്‍ അറിയിച്ചു
തൊട്ടടുത്ത ദിവസം ആയിരുന്നു വ്യാജ സുപ്രീം കോടതി വാദം കേള്‍ക്കല്‍. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അടങ്ങുന്ന ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത് എന്നാണ് ഓസ്വാളിനെ തട്ടിപ്പുകാര്‍ ധരിപ്പിച്ചിരുന്നത്. രാവിലെ 11 മണിക്ക് സ്‌കൈപ്പിലൂടെ വാദം കേള്‍ക്കലില്‍ ഓസ്വാളും പങ്കെടുത്തു. രണ്ട് തവണ കൊട്ടുവടി കൊണ്ട് മേശയില്‍ അടിച്ച ശേഷം ഓര്‍ഡര്‍, ഓര്‍ഡര്‍ എന്ന് പറയുകയും, ഓസ്വാളിനോട് കേസിലെ വാദം അവതരിപ്പിക്കാനും വ്യാജ ജഡ്ജി നിര്‍ദേശിച്ചു.
ഓസ്വാളിന്റെ പണം രഹസ്യ അക്കൗണ്ടിലേക്ക് മാറ്റണം എന്നായിരുന്നു ഈ ‘ഉത്തരവില്‍’ പറഞ്ഞിരുന്നത്. തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായി ഏഴ് കോടി രൂപ തന്റെ അക്കൗണ്ടില്‍ നിന്ന് ഒസ്വാള്‍ തട്ടിപ്പുകാരുടെ രഹസ്യ അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് ഒസ്വാള്‍ തന്റെ സുഹൃത്ത് വികാസ് കുമാറിനോട് പറഞ്ഞതോടെയാണ് കേസ് പൊലീസിന് മുന്നില്‍ എത്തിയത്.
Discussion about this post