മലപ്പുറം: ബന്ധുക്കളോടുള്ള പകതീർക്കുന്നതിനായി നാല് വയസുകാരിയെ ബലാത്സംഗം ചെയ്തുവെന്ന് വ്യാജപരാതി നൽകിയ പിതാവിന് ശിക്ഷ വിധിച്ച് കോടതി. ചാലിയാർ എരഞ്ഞിമങ്ങാട് മൈലാടി മണ്ണുപ്പാടം പാറയിൽ അബ്ദുൽ കലാം (41) എന്നയാൾക്കെതിരെയാണ് നിലമ്പൂർ അതിവേഗ സ്പെഷൽ പോക്സോ കോടതി ജഡ്ജ് കെ. പി ജോയ് ശിക്ഷ വിധിച്ചത്.ഒരുവർഷം തടവും 5,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസവും ഒരാഴ്ചയും അധികം തടവ് അനുഭവിക്കണം.
ബലാത്സംഗപരാതിയിൽ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് വ്യാജപരാതിയാണെന്ന് തെളിഞ്ഞത്. തുടർന്ന് വഴിക്കടവ് ഇൻസ്‌പെക്ടർ അബ്ദുൽ ബഷീർ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും സബ് ഇൻസ്‌പെക്ടർ അജയകുമാർ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. വിചാരണയ്ക്കിടെ 11 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രതിക്ക് മതിയായ ജാമ്യക്കാർ ഹാജരായത് പ്രകാരം അപ്പീൽ നൽകുന്നതിലേക്കായി ഒരു മാസത്തേക്ക് കോടതി ജാമ്യം അനുവദിച്ചു.
Discussion about this post