വലിയ സ്വപ്‌നങ്ങൾ കാണുന്നവരെയും അതിനായി കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്ന ആളുകളെ കാണുമ്പോൾ ചിലർ പറയുന്നത് കേൾക്കാറില്ലേ ഓ അവൾ, അവൻ എവറസ്റ്റ് കീഴടക്കാൻ നടക്കുകയാണെന്ന്. വിജയിക്കാൻ വളരെ കുറച്ച് സാധ്യതമാത്രമുള്ള കാര്യങ്ങൾക്ക് മുന്നിട്ടിറങ്ങുന്നവരെ പരിഹസിക്കാൻ എവറസ്റ്റ് എങ്ങനെ പാത്രമായി? അതിന്റെ സവിശേഷതകൾ തന്നെ. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി. സമുദ്രനിരപ്പിൽ നിന്നും 8849 മീറ്റർ ഉയരമാണ് ഈ അതിമീൻ കൊടുമുടിയ്ക്ക്, ഹിമാലയൻ പർവ്വതനിരകളിലെ ഈ ഭീമനെ കീഴടക്കുകയെന്നത് ഏത് സാഹസിക സഞ്ചാരിയുടെയും സ്വപ്‌നമായിരിക്കും.
1953 ലാണ് മനുഷ്യൻ ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. എഡ്മണ്ട് ഹിലാരിയും ടെൻസിംഗ് നോർവെയുമായുരുന്നു ആ ചരിത്രദൗത്യത്തിന് പിന്നിൽ.ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പർവതമായതുകൊണ്ട് തന്നെ പര്യവേക്ഷണം നടത്താനായി പർവതാരോഹകരെ ആകർഷിക്കുന്നിടം കൂടിയാണ് ഇത്. കൊടുമുടി കയറാനായി പർവതാരോഹകരെ സഹായിക്കുന്നത് രണ്ട് റൂട്ടുകളാണ്. ഇതിൽ ആദ്യത്തേത് നേപ്പാളിലെ തെക്ക് കിഴക്ക് നിന്നാണ്, മറ്റൊന്ന് ടിബറ്റിൽ വടക്ക് നിന്നും. നേപ്പാളിലൂടെയുള്ള യാത്രയാണ് എവറസ്റ്റ് കൊടുമുടിയിലേക്കുള്ള യാത്രയിൽ ഏവർക്കും പ്രിയം.
എന്നാലീ എവറസ്റ്റ് വളരുന്നുണ്ടെന്ന് അറിയുമോ? ഈ വളർച്ച ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. 50 ദശലക്ഷംവർഷം മുൻപ് എവറസ്റ്റിന്റെയും സഹോദരങ്ങളായ മറ്റ് കൊടുമുടികളുടെയും ജനനത്തിന് കാരണമായ കൂട്ടിയിടിയിൽ ആരംഭിച്ചതാണ് ഈ വളർച്ചാ പ്രതിഭാസം. അന്ന് ഇന്ത്യൻ ഉപഭൂഗണ്ഡം യൂറേഷ്യയുമായി കൂട്ടിയിടിച്ചാണല്ലോ ഇന്ന് കാണുന്ന ഹിമാലയസാനുക്കൾ ജന്മം കൊണ്ടത്. ഇവിടുത്തെ രണ്ട് നദീതടങ്ങളാണ് എവറസ്റ്റിന്റെ വളർച്ചയ്ക്ക് കാരണമാകുന്നത്.
ഏകദേശം 89,000 വർഷങ്ങൾക്ക് മുമ്പ് കോസി നദി അരുൺ നദിയുമായി ലയിച്ചതോടെ പ്രാദേശിക നദീതടത്തിലെ ഈ മാറ്റം മൂലം എവറസ്റ്റിന് ഏകദേശം 49-164 അടി (1550 മീറ്റർ) ഉയരം ലഭിച്ചുവെന്ന് ഗവേഷകർ കണക്കാക്കുന്നു. ഇത് പ്രതിവർഷം ഏകദേശം 0.01-0.02 ഇഞ്ച് (0.20.5 മില്ലിമീറ്റർ) എന്ന ഉയർച്ച നിരക്കിലാണ് സംഭവിക്കുന്നതത്രേ. അത് മാത്രമല്ല. എവറസ്റ്റിന് താഴെ ഭൗമോപരിതലത്തിൽ നിന്ന് ഐസ് ഉരുകുമ്പോഴും എവറസ്റ്റിന്റെ താഴെഭാഗം കൂടുതൽ കാണാൻ സാധിക്കുന്നു. രസകരമെന്നു പറയട്ടെ, ലോത്സെ, മകാലു തുടങ്ങിയ സമീപ കൊടുമുടികളും ഈ പ്രക്രിയ മൂലം സമാനമായ വളർച്ച അനുഭവിക്കുന്നു. എവറസ്റ്റിനെ അപേക്ഷിച്ച് അരുൺ നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മകാലുവിന് അൽപ്പം ഉയർന്ന ഉയർച്ച നിരക്ക് ഉണ്ട്.
ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് എവറസ്റ്റിന്റെ ഉയരം 8848.86 മീറ്ററാണ്. 1954 ൽ സർവ്വേയി ഓഫ് ഇന്ത്യ നടത്തിയ കണക്കിൽ 8848 മീറ്റർ ആയിരുന്നു എവറസ്റ്റിന്റെ ഉയരം. എന്നാൽ പിന്നീട് 2015 ലെ നേപ്പാൾ ഭൂചലനത്തിനു ശേഷം ഉയരത്തിൽ വ്യത്യാസം വന്നു എന്ന തരത്തിൽ ചർച്ചകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് നേപ്പാളും ചൈനയും സംയുക്തമായി ഉയരം കണക്കാക്കിയത്. നേരത്തത്തേതിനേക്കാൾ 86 സെന്റീമീറ്റർ അധികം ഉയരമാണ് ഇതിൽ കണ്ടെത്തിയത്.
അതേസമയം കനത്ത മനക്കട്ടിയും ആരോഗ്യവും ഉണ്ടെങ്കിൽ മാത്രം അതിജീവിക്കുവാൻ കഴിയുന്നത്ര മോശം കാലാവസ്ഥയാണ് എവറസ്റ്റിലേത്. എവറസ്റ്റിന്റെ 5,300 മീറ്റർ (17,400 അടി) ഉയരത്തിൽ എല്ലായ്‌പ്പോഴും മഞ്ഞും ഐസും നിറഞ്ഞതായിരിക്കും.യഥാർത്ഥത്തിൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കൊടുമുടി എവറസ്റ്റ് അല്ല. ഹവായിയിലെ 10,200 മീറ്റർ ഉയരമുള്ള മോവ്‌ന കിയയാണത്. എന്നാൽ ഇതിന്റെ ഭൂരിഭാഗവും സമുദ്രത്തിനു അടിയിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിന് മുകളിലുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് എവറസ്റ്റ്.
Discussion about this post