ഭോപ്പാൽ : സാംസ്കാരിക വൈവിധ്യങ്ങളെ ഒരുമിച്ചു കൊണ്ടുപോകുന്ന കാര്യത്തിൽ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ബ്രിട്ടനിൽ നടക്കുന്ന സംഘർഷങ്ങളെയും അക്രമങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടനിലെ കുടിയേറ്റക്കാർക്കെതിരായ അക്രമാസക്തമായ പ്രതിഷേധങ്ങളും സാമൂഹിക സംഘർഷങ്ങളും വ്യക്തമാക്കുന്നത് ഒരു ബഹുസാംസ്കാരിക സമൂഹത്തെ ഒന്നിച്ചു കൊണ്ടു പോകുന്നതിൽ ആ രാജ്യം പരാജയപ്പെട്ടു എന്നാണെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. ഇൻഡോറിൽ, മധ്യപ്രദേശ് കാബിനറ്റ് മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന്റെ ‘പരിക്രമ കൃപാ സാർ’ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്രമായതിനുശേഷം ഇന്ത്യയ്ക്ക് ഐക്യത്തോടെ തുടരാൻ കഴിയില്ലെന്നും വിഭജിക്കപ്പെടുമെന്നും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ഒരിക്കൽ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇപ്പോൾ ബ്രിട്ടനിൽ ആണ് നടക്കുന്നത്. എല്ലാവരുടെയും പ്രവചനങ്ങൾ തെറ്റിച്ചു കൊണ്ട് ഇന്ത്യ ശക്തമായി മുന്നോട്ടു പോവുകയാണ്. സാംസ്കാരികവും ദാർശനികവുമായ അടിസ്ഥാനത്തിൽ പരസ്പര സഹകരണം നടത്താതെ, ക്രമസമാധാന പാലനത്തിന്റെ മാത്രം സഹായത്തോടെ ഒന്നിച്ച് ജീവിക്കുന്നു എന്നുള്ളതാണ് ബ്രിട്ടനിലെ ജനത നേരിടുന്ന പ്രധാന പ്രശ്നം. ഇതിനു വിപരീതമായി, വൈവിധ്യങ്ങൾക്കിടയിലും ഐക്യത്തിന്റെ ഒരു മാതൃക ആണ് ഇന്ത്യ നൽകുന്നത്, എന്ന് മോഹൻ ഭഗവത് വ്യക്തമാക്കി.
“നിയമത്തിനോ സാമ്പത്തിക ശക്തിക്കോ മാത്രം സാമൂഹിക സമാധാനം ഉറപ്പാക്കാൻ കഴിയില്ല എന്നാണ് ബ്രിട്ടനിലെ ഇപ്പോഴത്തെ സംഘർഷങ്ങൾ വെളിവാക്കുന്നത്. വിഭജനത്തിന്റെ വേദന അനുഭവിച്ചതിനുശേഷവും ഐക്യത്തിന്റെ സാധ്യതയിൽ വിശ്വസിക്കുന്ന ഒരു ദർശനമാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നത്. ‘എന്റെയും നിങ്ങളുടെയും’ എന്ന വേർതിരിവിന് മുകളിലായി ഉയരുക എന്ന സന്ദേശം ഇന്ത്യൻ സംസ്കാരം നൽകുന്നു. മനുഷ്യൻ പ്രവൃത്തിക്കും അറിവിനും ഇടയിൽ ഒരു സന്തുലിതാവസ്ഥ കൈവരിക്കണമെന്നും പരസ്പര സഹകരണത്തോടെ മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ജീവിതം നയിക്കണമെന്നും ഇന്ത്യൻ തത്ത്വചിന്ത പഠിപ്പിക്കുന്നു. ഇന്ത്യൻ സംസ്കാരം ഭൂമിയെയും നദികളെയും പോലും ബഹുമാനത്തോടെയും ആരാധനയോടെയും കാണുന്നു. സഹവർത്തിത്വത്തിലും ഐക്യത്തിലും മാത്രമേ മനുഷ്യരാശിയുടെ ശാശ്വത ഭാവി സാധ്യമാകൂ. വിഭജനത്തിന്റെ ദുരന്തമുണ്ടായിട്ടും ഇന്ത്യയ്ക്ക് ഒരു ജനാധിപത്യ രാഷ്ട്രമായി മുന്നോട്ട് പോകാൻ കഴിയുന്നതിന്റെ കാരണം ഇതാണ്” എന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.
Discussion about this post