കൊൽക്കത്ത : തിങ്കളാഴ്ച ആരംഭിക്കുന്ന സായുധ സേനകളുടെ സംയുക്ത കമാൻഡർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമബംഗാളിൽ എത്തി. കൊൽക്കത്തയിൽ ഈസ്റ്റേൺ കമാൻഡ് ആസ്ഥാനത്ത് ആണ് ഇന്ത്യൻ സായുധസേനകളുടെ സംയുക്ത സമ്മേളനത്തിന് ആരംഭമായിരിക്കുന്നത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.
വിജയ് ദുർഗിലെ ഈസ്റ്റേൺ കമാൻഡ് ആസ്ഥാനത്ത് നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. ഏകദേശം നാലു മണിക്കൂർ സമയം അദ്ദേഹം ഈസ്റ്റേൺ കമാൻഡ് ആസ്ഥാനത്ത് ചിലവഴിക്കും. പരസ്പരമുള്ള ചർച്ചകൾക്കും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുന്നതിനുമായി രാജ്യത്തെ ഉന്നത സിവിലിയൻ, സൈനിക നേതൃത്വത്തെ ഒരുമിച്ച് കൊണ്ടുവരുന്ന വേദിയാണിത്.
‘പരിഷ്കാരങ്ങളുടെ വർഷം – ഭാവിയിലേക്കുള്ള പരിവർത്തനം’ എന്നതാണ് സംയുക്ത സേനകളുടെ സമ്മേളനത്തിന്റെ പ്രമേയം. പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന ഭൗമ-തന്ത്രപരമായ സാഹചര്യത്തിൽ ചടുലവും നിർണായകവുമായ പങ്ക് വഹിക്കുന്ന സായുധ സേനകളെ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് മൂന്ന് ദിവസത്തെ സമ്മേളനത്തിന്റെ ലക്ഷ്യം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ്, കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ ഉന്നത കമാൻഡർമാർ എന്നിവർ ഈ സമ്മേളനത്തിൽ പങ്കെടുക്കും.
Discussion about this post