ചെന്നൈ : നടൻ രജനികാന്തിന്റെ ആരോഗ്യസ്ഥിതി വിവരങ്ങൾ വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ട് പുറത്തുവിട്ട് അപ്പോളോ ആശുപത്രി. രജനികാന്തിന്റെ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലിൽ ഉണ്ടായ നീർവീക്കമാണ് അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നം എന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 30നാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് രജനികാന്തിനെ ഗ്രീസ് റോഡിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
ഹൃദയത്തിന്റെ പ്രധാന രക്തക്കുഴൽ ആയ ആർട്ടറിയിൽ ഉണ്ടായ നീർവീക്കമാണ് അദ്ദേഹത്തിന്റെ പ്രശ്നം ആയിരുന്നത്. ശസ്ത്രക്രിയേതര രീതിയിലൂടെയാണ് രജനികാന്ത് ചികിത്സ നടത്തിയത് എന്ന് അപ്പോൾ ആശുപത്രിയിലെ മുതിർന്ന ഹൃദ്രോഗ വിദഗ്ധനായ ഡോക്ടർ സായി സതീഷ് വ്യക്തമാക്കി. നീർവീക്കമുള്ളിടത്ത് സ്റ്റന്റ് സ്ഥാപിച്ചതായും ഡോക്ടർ അറിയിച്ചു.
രജനികാന്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് അപ്പോളോ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. രണ്ടുദിവസത്തിനകം തന്നെ അദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാൻ ആകുമെന്നും ആശുപത്രി വ്യക്തമാക്കുന്നു. 73 വയസ്സുകാരനായ രജനികാന്ത് നിലവിൽ ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്.
Discussion about this post