ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് വരെ ജീവനോടെയിരിക്കുമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കലിയുഗത്തിൽ ഒരാളുടെ പരമാവധി പ്രായം 125 വയസ്സായാണ് കണക്കാക്കുന്നത്. മോദി അധികാരത്തിൽ നിന്നും മാറുന്നത് കാണാൻ, ഖാർഗെ അത്രയും വര്ഷം ജീവനോടെ ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു, രാജ് നാഥ് സിംഗ് പറഞ്ഞു. ഹരിയാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
ഞായറാഴ്ച ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുന്നതിനിടെയാണ് ഖാർഗെക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.ഇതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം അദ്ദേഹത്തെ വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നു. എന്നാൽ താൻ ഇത്ര നേരത്തെ മരിക്കാൻ പോകുന്നില്ലെന്നും , പ്രധാനമന്ത്രി മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് വരെ ഞാൻ ജീവിച്ചിരിക്കും, എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. ഇതിനു മറുപടി ആയാണ്, ഇപ്പോൾ രാജ്‌നാഥ് സിംഗ് രംഗത്ത് വന്നത്. ഖാർഗെയുടെ ആഗ്രഹം അടുത്തൊന്നും നടക്കാൻ പോകില്ലെന്ന് വ്യക്തമാക്കുകയാണ് രാജ് നാഥ് സിംഗ് ചെയ്തത്.
അതേസമയം കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച പ്രതിരോധ മന്ത്രി, പത്ത് വർഷത്തെ ഭരണകാലത്ത് പ്രധാനമന്ത്രി മോദിയുടെ സർക്കാരിലെ ഒരു മന്ത്രിക്കെതിരെയും അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ടില്ലെന്നും എടുത്തുപറഞ്ഞു.
Discussion about this post