ന്യൂയോർക്ക്: വീണ്ടും ഭൂമിയ്ക്കരികിൽ ഛിന്നഗ്രഹങ്ങൾ. 2024 എസ്ഡി3, 2024 എസ്ആർ4 എന്നീ ഛിന്നഗ്രഹങ്ങളാണ് ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്നത്. നാളെ രാത്രിയോടെ ഇരു ഛിന്നഗ്രഹങ്ങളും ഭൂമിയ്ക്ക് തൊട്ടരികിൽ എത്തുമെന്നാണ് നാസയിലെ ഗവേഷകർ വ്യക്തമാക്കുന്നത്. ഛിന്നഗ്രഹങ്ങളുടെ സഞ്ചാരം നാസയിലെ ഗവേഷകർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഭൂമിയിൽ ഇടിയ്ക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്ത് ഗവേഷകർ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
2024 എസ്ഡി3 എന്ന ഛിന്നഗ്രഹത്തിന് 68 അടിയാണ് വലിപ്പം. ഇത് നാളെ രാത്രി 9 മണിയോടെയാകും ഭൂമിയ്ക്ക് തൊട്ടരികിയിൽ എത്തുക. അഞ്ചുനില കെട്ടിടത്തിന്റെ വലിപ്പമുള്ള ഈ ഛിന്നഗ്രഹം മണിക്കൂറിൽ 65,629 കിലോ മീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. നാളെ രാത്രി ഭൂമിയിൽ നിന്നും 1,490,000 കിലോ മീറ്റർ അടുത്തായി ഛിന്നഗ്രഹം എത്തും.
നാളെ വൈകീട്ട് നാല് മണിയോടെയാകും രണ്ടാമത്തെ ഛിന്നഗ്രഹമായ 2024 എസ്ആർ4 ഭൂമിയ്ക്ക് തൊട്ടരികിൽ ആയി എത്തുക. ഭൂമിയ്ക്ക് 2,680,000 കിലോ മീറ്റർ അടുത്തായി ഈ ഛിന്നഗ്രഹം എത്തുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 41,835 കിലോ മീറ്റർ വേഗതയിലാണ് ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം.
നിലവിൽ ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് ഭീഷണിയാകില്ലെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. ഈ ഛിന്നഗ്രഹങ്ങളുടെ വലിപ്പം കുറവാണ്. ഇതേ തുടർന്നാണ് ഇവ ഭൂമിയിൽ ഇടിയ്ക്കില്ലെന്ന് ഗവേഷകർ വിലയിരുത്തുന്നത്. എന്നാൽ ഭൂമിയിൽ ഇടിയ്ക്കാനുള്ള സാദ്ധ്യത പൂർണമായും ഗവേഷകർ തള്ളിക്കളയുന്നില്ല.
Discussion about this post