ഭൂമിയുടെ മേൽ ഏറ്റവും വലിയ മാറ്റങ്ങൾ വിതച്ച സംഭവമായിരുന്നു ആറര കോടി വർഷങ്ങൾക്ക് മുമ്പ് നടന്ന ഛിന്നഗ്രഹം പതനം. മെക്‌സിക്കോയിലെ യൂകാറ്റാൻ പെനിസുലയിലെ ചിക്‌സലബ് എന്ന സ്ഥലത്താണ് ഉൽക്ക പതിച്ചത്. ഡിനോസറുകളുടെ ഉൾപ്പെടെ 75 ശതമാനത്തോളം ജീവജാലങ്ങളെ തന്നെ ഈ ഉൽക്കാപതനം ഭൂമിയിൽ നിന്നും നീക്കം ചെയ്തു.
ഭൂമിയിൽ നിന്നും ഡിനോസർ എന്ന വംശത്തെ തന്നെ ഈ ഛിന്നഗ്രഹം ഇല്ലാതാക്കി. എന്നാൽ, അന്ന് ചിക്‌സലബിൽ പതിച്ച ഛിന്നഗ്രഹം മാത്രമല്ല ഡിനോസറുകൾ ഭൂമിയിൽ നിന്നും ഇല്ലാതാവാൻ കാരണമെന്നാണ് പുതിയതായി നടത്തിയ ഒരു പഠനം പറയുന്നത്. ഈ വംശനാശത്തിന് ഭൂമിയിൽ പതിച്ച മറ്റൊരു ഛിന്നഗ്രഹം കൂടി കവാരണമായിട്ടുണ്ടെന്നാണ് കണ്ടെത്തൽ. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേകുറിച്ച് പറയുന്നത്. ആഫ്രിക്കൻ രാജ്യമായ ഗിനിയുടെ തീരത്ത് കടലിനടിയിൽ സ്ഥിതി ചെയ്യുന്ന നാദിർ ഗർത്തത്തെ വിശദമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പഠനം. 8 കിലോമീറ്റർ വ്യാസമാണ് ഈ ഗർത്തത്തിനുള്ളത്.
ആറര കോടി വർഷങ്ങൾക്ക് മുമ്പ് എപ്പോഴോ ആയിരിക്കാം ഈ ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചതെന്നാണ് കരുതുന്നത്. മണിക്കൂറിൽ 72,000 കിലോമീറ്റർ വേഗത്തിലാണ് ഇത് ഭൂമിയിൽ പതിച്ചതെന്നാണ് കണക്കാക്കുന്നത്. ചിക്‌സലബിൽ പതിച്ച ഛിന്നഗ്രഹത്തിനേക്കാൾ വലിപ്പം കുറഞ്ഞതാണ് ഈ ഛിന്നഗ്രഹവും. എന്നാൽ, ഭൂമിയിൽ കടുത്ത ആഘാതം സൃഷ്ടിക്കാൻ പ്രാപ്തമായാത് തന്നെയായിരുന്നു ഇതും.
ഈ ഛിന്നഗ്രഹത്തിന്റെ പതനത്തെ തുടർന്ന് അതിതീവ്ര ഭൂചലനമുണ്ടായിട്ടുണ്ട്. ഈ ഭൂചലനം കൊണ്ടുണ്ടായ ആഘാതത്തിന്റെ അടയാളങ്ങൾ ആയിരക്കണക്കിന് ചതുരശ്ര മൈൽ വരെ വ്യാപിച്ച് കിടക്കുന്നുണ്ട്. ഛിന്നഗ്രഹ പതനത്തിന്റെ ഭാഗമായി ഉണ്ടായ സുനാമിയിൽ കടൽ 800 മീറ്റർ വരെ ഉയർന്നെന്നും പഠനം പറയുന്നു.
Discussion about this post