ബംഗളൂരു: രേണുകാസ്വാമിയുടെ പ്രേതം ജയിലിൽ വേട്ടയാടുന്നുവെന്ന പരാതിയുമായി നടൻ ദർശൻ. സ്വപ്‌നങ്ങളിൽ രേണുകാസ്വാമി വരുന്നുവെന്നും ഒറ്റക്ക് ജയിലിൽ കഴിയാൻ ഭയം തോന്നുന്നുവെന്നും ദർശൻ ജയിൽ അധികൃതരോട് പറഞ്ഞു. രേണുകാസ്വാമി കൊലക്കേസിൽ അറസ്റ്റിലായ ദർശൻ നിലവിൽ ബെല്ലാരി ജയിലിൽ ആണ്.
സെല്ലിൽ തനിച്ചായതിനാൽ, പേടിയാണ്. ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. ഇത്തരം സാഹചര്യങ്ങൾ കാരണം വളരെയധികം പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ദർശൻ ജയിൽ അധികൃതരെ അറിയിച്ചു.
രാത്രിയിൽ ഉറക്കത്തിൽ ദർശൻ നിലവിളിക്കുകയും കരയുകയുമെല്ലാം ചെയ്യാറുള്ളതായി ജയിൽ അധികൃതരും വ്യക്തമാക്കി. തന്റെ ജുഡീഷ്യൽ കസ്റ്റഡി ഇനിയും നീട്ടുകയണെങ്കിൽ ബംഗളൂരുവിലെ ജയിലിലേക്ക് തന്നെ മാറ്റുന്നതിനായി ദർശൻ അഭിഭാഷകൻ മുഖേനെ കത്ത് നൽകിയിട്ടുണ്ട്. അതേസമയം, ദർശൻ നേരിടുന്ന പ്രശ്‌നങ്ങൾ അറിഞ്ഞ ഭാര്യ വിജയലക്ഷ്മി ക്ഷേത്രത്തിൽ പൂജകളും വഴിപാടുകളും നടത്തിയിരുന്നു.
നടിയും സുഹുത്തുമായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശമയച്ച ആരാധകൻ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിലാണ് ദർശൻ അറസ്റ്റിലായത്. കേസിൽ രണ്ടാം പ്രതിയാണ് ദർശൻ. ബംഗളൂരു ആർആർ നഗറിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് ദർശനിലേക്ക് എത്തിയത്. കേസിൽ പവിത്ര ഗൗഡക്കും നേരിട്ട് പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബംഗളൂരുവിലെ ജയിലിൽ കൂട്ടാളികളോടൊപ്പം ആഡംബര ചികിത്സയിൽ ഏർപ്പെടുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നത് വിവാദമായിരുന്നു. ഇതോടെയാണ് ദർശനെ ബെല്ലാരി ജയിലിലേക്ക് മാറ്റിയത്.
Discussion about this post