കുട്ടിക്കാലത്ത് ഐസിസ് തട്ടിക്കൊണ്ടുപോയ ഒരു യസീദി പെണ്‍കുട്ടി ഒരു പതിറ്റാണ്ടിന്റെ തടവിന് ശേഷം രക്ഷപ്പെട്ട് സ്വന്തം കുടുംബത്തോട് ചേര്‍ന്നിരിക്കുകയാണ് ഫലസ്തീനിയായ ഐസിസ് ഭീകരനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയാകുകയും പിന്നീട് ഹമാസ് ഭീകരന് കൈമാറ്റം ചെയ്യുകയും ചെയ്യുമ്പോള്‍ ഫൗസിയ അമിന്‍ സിഡോയ്ക്ക് പ്രായം 11 വയസ് മാത്രമായിരുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ ഈ ഭീകരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഓടി രക്ഷപ്പെട്ട ഈ പെണ്‍കുട്ടിക്ക് ഇപ്പോള്‍ 21 വയസ്സുമാത്രമാണ് പ്രായം. കുടുംബത്തിലേക്ക് തിരികെ എത്തിയ അവള്‍ക്ക് തന്റെ ് പ്രിയപ്പെട്ടവരില്‍ നിന്ന് ലഭിച്ചത് തികച്ചും വൈകാരികമായ സ്വീകരണമാണ്.
ഫൗസിയയുടെ മോചനത്തെക്കുറിച്ച് അവളെ രക്ഷപ്പെടുത്തിയ ഇസ്രായേല്‍ പ്രതിരോധ സേന പറയുന്നതിങ്ങനെ ഫൗസിയെ പിടികൂടിയ ഹമാസ് ഭീകരന്‍ ഐഡിഎഫ് ആക്രമണത്തിനിടെ കൊല്ലപ്പെട്ടു.
ഈ സമയത്ത് അവള്‍ ഒരു ഒളിസങ്കേതത്തിലേക്ക് പലായനം ചെയ്തു. ഈ സമയം ഇസ്രായേലി പ്രത്യേക പ്രവര്‍ത്തകരും അന്താരാഷ്ട്ര സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ രഹസ്യ ദൗത്യത്തിലാണ് ഫൗസിയെ ഒളിസങ്കേതത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.
് ഫൗസിയെ ഇസ്രായേലിലേക്ക് എത്തിച്ച ശേഷം അലന്‍ബി ക്രോസിംഗ് വഴി ജോര്‍ദാനിലേക്കും തുടര്‍ന്ന് ഇറാഖിലുള്ള അവളുടെ കുടുംബത്തിലേക്കും എത്തിക്കുകയായിരുന്നു.
കനേഡിയന്‍ മനുഷ്യാവകാശപ്രവര്‍ത്തകനായ സ്റ്റീവ് മാമന്‍ ഫൗസിയ അവളുടെ കുടുംബവുമായി വീണ്ടും ഒന്നിക്കുന്നതിന്റെ ഒരു വീഡിയോ പങ്കിട്ടിരുന്നു. യസീദികളെ ഐസിസ് അടിമത്തത്തില്‍ നിന്ന് രക്ഷിക്കാനുള്ള തന്റെ ശ്രമങ്ങള്‍ കാരണം ചിലര്‍ തന്നെ ‘ജൂത ഷിന്‍ഡ്‌ലര്‍’ എന്നാണ് വിളിക്കുന്നതെന്ന് സ്റ്റീവ് പറയുന്നു. ഫൗസിയയെ രക്ഷിക്കുന്നതിനുള്ള ശ്രമം താന്‍ ഇതുവരെ പങ്കെടുത്തിട്ടുള്ളതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ളതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയില്‍ ഹമാസിന്റെ ബന്ദിയാക്കപ്പെട്ട യസീദിയായ ഫൗസിയയോട് ഞാന്‍ അവളെ സിന്‍ജാറിലെ അവളുടെ അമ്മയുടെ വീട്ടിലേക്ക് തിരികെ എത്തിക്കുമെന്ന് വാക്ക് നല്‍കിയിരുന്നതായും അദ്ദേഹം എക്സില്‍ കുറിച്ചു.
Discussion about this post