ന്യൂഡൽഹി : രാജ്യത്തെ കർഷകർക്കായി കേന്ദ്രസർക്കാർ നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്തു. ഒക്‌ടോബർ 5-ന് മഹാരാഷ്ട്രയിലെ വാഷിമിൽ നടന്ന പൊതു ചടങ്ങിൽ വച്ചായിരുന്നു കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡു വിതരണം പ്രധാനമന്ത്രി നിർവഹിച്ചത്.
9.4 കോടി കർഷകർക്കാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നത്.
20,000 കോടി രൂപയാണ് പ്രധാനമന്ത്രി കിസാൻ സമ്മാന നിധി പദ്ധതിയുടെ ഗുണഭോക്താക്കൾക്കായി നൽകുന്നത്. ഈ തുക 9.4 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്നതായിരിക്കും. മഹാരാഷ്ട്രയിലെ വാഷിമിൽ വച്ച് നടന്ന ചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ, കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജൻ സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
കർഷകരെ സഹായിക്കുന്നതിനും നേരിട്ടുള്ള സാമ്പത്തിക സഹായത്തിലൂടെ അവരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുമുള്ള നരേന്ദ്ര മോദി സർക്കാരിൻ്റെ സുപ്രധാന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. 2019 ഫെബ്രുവരി 24-ന് ആരംഭിച്ച പിഎം-കിസാൻ പദ്ധതിയിലൂടെ പ്രതിവർഷം കർഷകർക്ക് മൂന്ന് തുല്യ ഗഡുക്കളായി 6,000 രൂപയാണ് നൽകുന്നത്.
Discussion about this post