തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം കരിക്കിനേയും കശുവണ്ടിയെയും അന്താരാഷ്ട്ര വിപണിയിൽ എത്തിക്കാൻ തയ്യാറെടുത്ത് മിൽമ. ദീർഘകാലം സൂക്ഷിക്കാൻ കഴിയുന്ന കരിക്കിൻ വെള്ളവും കശുവണ്ടി പൗഡറും ആണ് മിൽമ ഏറ്റവും പുതുതായി പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഉൽപ്പന്നങ്ങളുടെ വിപണനോൽഘാടനം ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു.
അന്താരാഷ്ട്ര വിപണി ലക്ഷ്യം വയ്ക്കുന്നതിനാൽ ദീർഘകാലം കേടുകൂടാതെ ഇരിക്കുന്ന രീതിയിലാണ് പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. മിൽമ ടെൻഡർ കോക്കനട്ട് വാട്ടർ എന്ന പേരിൽ പുറത്തിറക്കുന്ന കരിക്കിൻ വെള്ളം 9 മാസം വരെ കേടുകൂടാതെ ഇരിക്കുന്നതാണ്. 200 മില്ലി കുപ്പിക്ക് 40 രൂപ നിരക്കിലാണ് കേരളത്തിലെ വിപണിയിൽ ഈ ഉൽപ്പന്നം വിൽക്കപ്പെടുക. കേരളത്തിൽ പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെടുന്ന കശുവണ്ടിയിൽ നിന്നും തയ്യാറാക്കുന്ന ക്യാഷ്യു വിറ്റ പൗഡർ പാലിൽ കലക്കി ഉപയോഗിക്കാവുന്ന മികച്ച ഹെൽത്ത് ഡ്രിങ്ക് ആണ്.
മിൽമ ടെൻഡർ കോക്കനട്ട് വാട്ടറിന്റെയും, ക്യാഷ്യു വിറ്റ പൗഡറിന്റെയും വിപണനോദ്ഘാടനത്തോടൊപ്പം മിൽമയുടെ ക്ഷീരശ്രീ പോർട്ടലിന്റെ ഉദ്ഘാടനവും ഇന്ന് നടന്നു. ക്ഷീര സംഘങ്ങൾക്കായുള്ള ഏകീകൃത സംവിധാനമായ ക്ഷീരശ്രീ പോർട്ടൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിച്ചത്. കർഷകർ ക്ഷീര സംഘത്തിൽ നൽകുന്ന പാലിന്റെ അളവിനും ഗുണനിലവാരത്തിനും അനുസരിച്ച് കൃത്യമായ വില നൽകുന്നതിനുള്ള ഓൺലൈൻ സംവിധാനമാണ് ക്ഷീരശ്രീ പോർട്ടൽ.
Discussion about this post