ഡല്‍ഹി: ജെഎന്‍യുവിലെ അഫ്സല് ഗുരു അനുസ്മരണ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.
വീഡിയോയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇന്ത്യയെ വെട്ടി മുറിയ്ക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ പോലീസ് തേടുന്നുണ്ടെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബസി പറഞ്ഞു. കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ പോലീസിന്റെ പക്കലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് കനയ്യ നടത്തിയ പ്രസംഗം അത്യന്തം പ്രകോപനപരമായിരുന്നു.
എന്നാല്‍ ലഷ്കര്‍ ബന്ധം വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും ജെഎന്‍യുവില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരം ഗൗരവകരമായ കാര്യങ്ങള്‍ വരുമ്പോള്‍ അതതു സമയത്ത് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് വിവരം കൈമാറും. കനയ്യയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്- അദ്ദേഹം പറഞ്ഞു.
ജെഎന്‍യു കേന്ദ്രീകരിച്ച് നടക്കുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ തെളിവുകള്‍ കേന്ദ്രരഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്. മാവോയിസ്റ്റു രഹസ്യകേന്ദ്രങ്ങളുമായുള്ള ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ബന്ധവും മാവോയിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന യാത്രകളും ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.
Discussion about this post