അബുദാബി : ഇസ്ലാമിക വിരുദ്ധമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ എവിടെയും അനുമതി ഇല്ലാതിരുന്ന ചൂതാട്ടത്തിന് ഒടുവിൽ യുഎഇയിലേക്ക് പ്രവേശനം. ഒരു ഇസ്ലാമിക രാജ്യത്തെ ആദ്യ കാസിനോ ആണ് യുഎഇയിൽ ആരംഭിക്കുന്നത്. റാസൽ ഖൈമയിലാണ് രാജ്യത്തെ ആദ്യ കാസിനോ പ്രവർത്തനമാരംഭിക്കുന്നത്. ഒരു അമേരിക്കൻ കമ്പനി ആണ് യുഎഇയിൽ നിന്നും ഗാംബ്ലിംഗ് ലൈസൻസ് സ്വന്തമാക്കിയിരിക്കുന്നത്.
നെവാഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎസ് ഹോട്ടൽ, കാസിനോ ഓപ്പറേറ്ററായ വിൻ റിസോർട്ട്സ് ആണ് യുണൈറ്റഡ് അറബ് എമിറേറ്റിലെ ഗെയിമിംഗ് അതോറിറ്റി അനുവദിച്ച ആദ്യത്തെ വാണിജ്യ ചൂതാട്ട ലൈസൻസ് സ്വന്തമാക്കിയിട്ടുള്ളത്. യുഎഇയിലെ ആദ്യ കാസിനോയ്ക്കായി റാസൽ ഖൈമയിലെ വിൻ അൽ മർജൻ ദ്വീപിൽ ഒരു ആഡംബര റിസോർട്ട് ആണ് ഒരുങ്ങുന്നത്. 2027ഓടെ കാസിനോ പൂർണമായി പ്രവർത്തനമാരംഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇസ്ലാം മതവിശ്വാസം അനുസരിച്ച് ചൂതാട്ടം നിഷിദ്ധമാണെങ്കിലും യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നും മറ്റുമുള്ള വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനാണ് ഒടുവിൽ യുഎഇ കാസിനോ ആരംഭിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ ഓൺലൈൻ ഗാംബ്ലിങ്ങുകൾക്ക് പോലും നിരോധനമുള്ള ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ വ്യത്യസ്തനാവുകയാണ് യുഎഇ. 514 മില്യൺ ഡോളർ നിക്ഷേപത്തിലാണ് രാജ്യത്തെ ആദ്യ കാസിനോ പ്രവർത്തനം ആരംഭിക്കുന്നത്. 1,542 മുറികളുള്ള കാസിനോ റിസോർട്ട് ആണ് യുഎഇയിൽ ആരംഭിക്കുന്നതെന്ന് വിൻ റിസോർട്ട്സ് ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post