വെറുതെ ഇരിക്കുമ്പോൾ പലവിധകാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ചിലർ കൈ കാലുകൾ ആട്ടി ഇരിക്കുമ്പോൾ ചിലർ കൈവിരലുകളിൽ താളം പിടിക്കും. മറ്റ് ചിലരാവട്ടെ, കൈ വിരലുകളിൽ ഞൊട്ട ഒടിക്കും. ഇംഗ്ലീഷിൽ ഇതിനെ പോപ്പിംഗ് നോയിസ് എന്നും പറയും. കൈ വിരലുകൾ തമ്മിൽ പിണച്ച് മുറുക്കിയാണ് പലരും ഞൊട്ടയിടുന്നത്. നമ്മുടെ പലരുടെയും ശീലമാണ് ഞൊട്ടയിടുന്നത്.പലരും ഇത് ടെൻഷൻ കുറയ്ക്കാനാണ് ഞൊട്ടയിടുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ വിരലുകൾ ഒടിയുമെന്നും, എല്ലുകൾക്ക് തേയ്മാനം വരുമെന്നും ചിലർ പറയാറുണ്ട്.
എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. ശരീരത്തിലെ വിരൽ ഉൾപ്പെടെയുള്ള ജോയിന്റുകൾ ചേരുന്നയിടത്തുള്ള ഒരു ഫ്‌ളൂയിഡാണ് സൈനോവിൽ ഫ്‌ളൂയിഡ്. ജോയിന്റുകളുടെ ആരോഗ്യത്തിന് മർമ്മ പ്രധാനമായ ഫ്‌ളൂയിഡാണ് ഇത്. ഇതിൽ പല വാതകങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലെല്ലോ? ഞൊട്ടയൊടിക്കുമ്പോൾ, ഫ്‌ളൂയിഡിലെ പ്രഷർ കുറയുകയും ഇത് വായു കുമിളയായി മാറുകയും ചെയ്യും. അപ്പോഴാണ് ഞൊട്ടയൊടിക്കുമ്പോഴുള്ള ടിക് ശബ്ദം ഉണ്ടാകുന്നത്. ഞൊട്ടയൊടിച്ച് കഴിഞ്ഞാൽ ഈ കുമിള വീണ്ടും ഫ്‌ളൂയിഡിലേക്ക് അലിഞ്ഞ് ഒന്നുചേരാനായി വീണ്ടും ഒരു ഇരുപത് മിനിറ്റ് കൂടി എടുക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടാണ് ഞൊട്ടയൊടിച്ചപാടെ വീണ്ടും ഞൊട്ടയൊടിക്കുമ്പോൾ ശബ്ദം വരാത്തത്. ഷോൾഡറിലും കഴുത്ത് വെട്ടിക്കുമ്പോഴും ശബ്ദം ഉണ്ടാവുന്നതിന്റെ കാരണക്കാരൻ ഈ ഫ്‌ളൂയിഡ് തന്നെയാണെന്ന് മനസിലായല്ലോ
ഇത്തരത്തിലുള്ള ഞൊട്ടയൊടിക്കൽ ശീലം എല്ലുതേയ്മാനത്തിന് കാരണമാകുമോയെന്ന ഭയം പലരിലും ഉണ്ടായിക്കാണും. ഇതിനും ഉത്തരമുണ്ട്. 50 വർഷത്തെ പരീക്ഷണ നിരീക്ഷണത്തിനൊടുവിൽ കണ്ടെത്തിയ ഉത്തരം. അമേരിക്കയിലെ ഒരു ഗവേഷകനായ ഡോക്ടർ ഡോണാൾഡ് അംഗർ ആണ് ഇത്രയും കാലം നീണ്ടുനിന്ന പഠനം നടത്തിയത്. ഇതിന്റെ ഭാഗമായി അദ്ദേഹം തന്റെ ഇടതുകൈയ്യിൽ തുടർച്ചയായി ഞൊട്ടയൊടിച്ചു. 365,000 തവണയാണ് അദ്ദേഹം ഒരു ഉത്തരം കണ്ടെത്താനായി സ്വയം പരീക്ഷണത്തിന് വിധേയനായി ഞൊട്ടയൊടിച്ചത്. അതേസമയം വലതുകൈയ്യിൽ ഞൊട്ടയൊടിച്ചതേ ഇല്ല. വർഷങ്ങൾ പിന്നിട്ടപ്പോൾ അദ്ദേഹം തന്റെ കൈവിരലുകളുടെ ആരോഗ്യം സംബന്ധിച്ച് ഒരു വലിയ റിപ്പോർട്ടും പുറത്തുവിട്ടു. രണ്ടു കൈകളുടെയും വിരലുകളുടെ ആരോഗ്യം ഒരുപോലെ ഇരിക്കുന്നു, ഞൊട്ടയൊടിച്ചത് കൊണ്ട് മാത്രം കൈവിരലുകളുടെ ആരോഗ്യം കുറഞ്ഞില്ല. എല്ലുകൾക്ക് ഒരുമാറ്റവും സംഭവിച്ചിട്ടില്ലെന്ന് ഡോക്ടർ പറയുന്നു. അതേസമയം ഞൊട്ടയൊടിക്കുമ്പോൾ ശബ്ദത്തിന് പകരം വേദനയുണ്ടാകുന്നുണ്ടെങ്കിൽ അത് റ്യൂമാറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള രോഗങ്ങളുടെ സൂചന കൂടിയാകാം.
എന്നാൽ സന്ധിതേയ്മാനത്തെ കുറിച്ച് അദ്ദേഹം ചില കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. സ്‌റ്റെപ്പുകളും മറ്റും കയറുമ്പോൾ കേൾക്കുന്ന ശബ്ദവും മറ്റും എല്ലുതേയ്മാനം സംഭവിക്കുന്നതിന്റെ ലക്ഷണങ്ങളായി എടുക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post