ടോക്യോ : വൈദ്യശാസ്ത്ര രംഗത്ത് ഒരു ചരിത്രപരമായ കണ്ടെത്തലുമായി ജപ്പാൻ. ജപ്പാനിലെ ഏതാനും ഗവേഷകർ ചേർന്ന് കൃത്രിമ രക്തം ആണ് സൃഷ്ടിച്ചിരിക്കുന്നത്. റഫ്രിജറേറ്റ് ചെയ്യാതെ തന്നെ സൂക്ഷിക്കാൻ കഴിയുന്നതും ഗ്രൂപ്പ് ഭേദമില്ലാതെ ഉപയോഗിക്കാൻ കഴിയുന്നതുമാണ് ഈ കൃത്രിമ രക്തം.
കൃത്യസമയത്ത് രക്തം ലഭിക്കാത്തതിനാൽ ഓരോ വർഷവും ലക്ഷക്കണക്കിന് രോഗികൾ മരിക്കുന്ന ലോകത്തിൽ ചരിത്രപരമായ മുന്നേറ്റമാണ് വൈദ്യശാസ്ത്രരംഗത്ത് ജപ്പാൻ നടത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ജപ്പാൻ ആസ്ഥാനമായുള്ള നാര മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ ഒരു സംഘമാണ് കൃത്രിമ രക്തം വികസിപ്പിച്ചെടുത്തിരിക്കുന്നതിന് പിന്നിൽ. ഈ വർഷം തന്നെ ഈ കണ്ടുപിടുത്തത്തിന്റെ ക്ലിനിക്കൽ ട്രയലുകൾ ആരംഭിക്കും എന്നാണ് ജപ്പാൻ വ്യക്തമാക്കിയിട്ടുള്ളത്.
ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കിയാൽ 2030 ആകുമ്പോഴേക്കും യഥാർത്ഥ വൈദ്യശാസ്ത്ര സംവിധാനങ്ങളിൽ കൃത്രിമ രക്തം ഉപയോഗിക്കുന്ന ആദ്യ രാജ്യമായി ജപ്പാൻ മാറും. നാര മെഡിക്കൽ യൂണിവേഴ്സിറ്റി പരീക്ഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, ആരോഗ്യമുള്ള 16 മുതിർന്നവർക്ക് മാർച്ചിൽ 100 മുതൽ 400 മില്ലി ലിറ്റർ വരെ കൃത്രിമ രക്തം നൽകി. പരീക്ഷണത്തിന്റെ അടുത്ത ഘട്ടം ചികിത്സയുടെ ഫലപ്രാപ്തിയും സുരക്ഷയും പരിശോധിക്കുക എന്നതാണ്. ഏതെങ്കിലും രീതിയിലുള്ള പാർശ്വഫലങ്ങൾ ഉണ്ടോ എന്നുകൂടി കാത്തിരുന്ന് നിരീക്ഷിച്ചതിനു ശേഷം മാത്രമായിരിക്കും ഈ ചികിത്സാ രീതിക്ക് പൂർണമായ അംഗീകാരം ലഭിക്കുക.
Discussion about this post