കൊല്ലം : കൊല്ലത്ത് യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. പുനലൂരിൽ ആണ് സംഭവം നടന്നത്. ഓടിക്കൊണ്ടിരിക്കെ ബസ്സിന്റെ എൻജിൻ ഭാഗത്തുനിന്നും തീ പടരുകയായിരുന്നു. പുനലൂരിൽ നിന്നും കായംകുളത്തേക്ക് പോയ കെഎസ്ആർടിസി ബസ്സിലാണ് തീപിടുത്തം ഉണ്ടായത്.
ബസ് ഓടിക്കൊണ്ടിരിക്കെ തീ പിടിക്കുകയും പുക ഉയരുകയും ചെയ്തില്ലെങ്കിലും ഡ്രൈവർ ഇതറിയാതെ യാത്ര തുടരുകയായിരുന്നു. തീയും പുകയും കണ്ട നാട്ടുകാരാണ് ബഹളം വെച്ച് ഡ്രൈവറെ വിവരമറിയിച്ചത്. നാട്ടുകാരുടെ ബഹളം കേട്ട് ഡ്രൈവർ ഉടൻതന്നെ ബസ് നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ വലിയ അപകടം ഒഴിവായി.
തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തുകയും നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തീ അണയ്ക്കുകയും ചെയ്തു. പുനലൂർ നെല്ലിപ്പള്ളിയിൽ വെച്ചുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ എൻജിൻ ഭാഗം ഉൾപ്പെടെ പൂർണമായും കത്തി നശിച്ചു. ബസിൽ നിന്നും ഡീസൽ ചോർന്നതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായത് എന്നാണ് നാട്ടുകാർ നൽകുന്ന വിവരം. സംഭവത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പും കെഎസ്ആർടിസിയും അന്വേഷണം ആരംഭിച്ചു.
Discussion about this post