എറണാകുളം: കൊച്ചി കായലിലെ നിലവിലുള്ള പഴയ ബോട്ടുകളെ ഒഴിവാക്കി അത്യാധുനിക ബോട്ടുകൾ സർവീസ് നടത്താനൊരുങ്ങുന്നു. ഇതിനായി ജലഗതാഗതവകുപ്പ് പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആറാമത്തെ കറ്റാമരൻ ബോട്ടാണിത്. ബോട്ടിന്റെ പരിശോധനയും പരീക്ഷണ ഓട്ടവും പൂർത്തിയായതിന് ശേഷം ഇവ പൊതുജനങ്ങൾക്കായി കായലിൽ ഓടിത്തുടങ്ങും.
ഏഴ് ബോട്ടുകൾ നിർമിക്കാനുള്ള പദ്ധതിയിൽ അഞ്ചെണ്ണം ഇതിനോടകം തന്നെ നിർമാണം കഴിഞ്ഞ് സർവീസ് ആരംഭിച്ചു. ഏഴാമത്തെ ബോട്ടിന്റെ നടപടിക്രമങ്ങൾ ഉടൻ തന്നെ പൂർത്തിയാകും. ഡിസംബറിലായിരിക്കും ഏഴാമത്തെ ബോട്ട് സർവീസ് ആരംഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
ബോട്ടപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പഴയ ബോട്ടുകളെല്ലാം ഒഴിവാക്കി പുത്തൻ ബോട്ടുകളിറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയ്യാറാക്കിയത്. പഴയ ബോട്ടുകൾ തുരുമ്പെടുത്ത് നശിക്കുന്നത് തുടർക്കഥയായതോടെയാണ് അത്യാധുനികമായ ബോട്ടുകൾ ഇറക്കുന്നത്. ഇരട്ട എൻജിനോടു കൂടിയ കറ്റാമരൻ ഡീസൽ ഫൈബർ ബോട്ടുകളാണ് പുതിയതായി കൊച്ചി കായലിൽ എത്തിയിരിക്കുന്നത്.
അത്യാധുനികമായവയാണെങ്കിലും ചിലവ് കുറഞ്ഞവയാണ് ഈ ബോട്ടുകൾ എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അരൂർ ആസ്ഥാനമായ പ്രാഗ മറൈൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ ബോട്ടുകളുടെ രൂപകൽപ്പനയും നിർമാണവും ചെയ്തിരിക്കുന്നത്. 1.45 കോടി രൂപയാണ് ഒരു ബോട്ടിന്റെ ചിലവ്. കേരളത്തിൽ ആദ്യമായാണ് 100 സിറ്റിംഗ് ശേഷിയുള്ള അത്യാധുനികമായ ബോട്ട് സർവീസിനെത്തുന്നത്.
ഫൈബർ ബോട്ടുകളെ അപേക്ഷിച്ച് ഏറെ സുരക്ഷിതമായവയാണ് ഇത്തരം ബോട്ടുകൾ. ഇന്ത്യൻ ഷിപ്പിംഗിന്റെ പരിശോധനയോടെയാണ് ഈ ബോട്ടുകളുടെ നിർമാണം നടക്കുന്നതെന്നും ജലഗതാഗത വകുപ്പ് അധികൃതർ വ്യക്തമാക്കി.
Discussion about this post