തിരുവനന്തപുരം: നടൻ ടിപി മാധവൻ ഗുരുതരാവസ്ഥയിൽ. ശസ്ത്രക്രിയ പൂർത്തിയായിട്ടും നടന്റെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നാണ് വിവരം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് നടൻ ഉള്ളത്. കുടൽ സംബന്ധമായ അസുഖത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗാന്ധിഭവൻ അധികൃതരാണ് ഇവിടെ പ്രവേശിപ്പിച്ചത്. ദീർഘനാളായി മറവി രോഗത്തിന് ചികിത്സയിൽ ആയിരുന്നു അദ്ദേഹം.
ചെറുതും വലുതുമായി അഞ്ഞൂറോളം ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടിരിക്കുന്നത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അഭിനയ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവനിലാണ് അദ്ദേഹം കഴിയുന്നത്.
തിരുവനന്തപുരത്തെ ലോഡ്ജിൽ അവശനായി കിടന്ന അദ്ദേഹത്തെ സഹപ്രവർത്തകരാണ് ഇവിടെ എത്തിച്ചത്. ഇവിടെ എത്തിയ ശേഷം ആരോഗ്യം മെച്ചപ്പെട്ടിരുന്നു. ഇതേ തുടർന്ന് ചില സീരിയലുകളിലും സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തു. എന്നാൽ മറവി രോഗം പിടിപെടുകയായിരുന്നു.
വഴുതക്കാട് സ്വദേശിയായ ടിപി മാധവൻ പ്രശസ്ത അദ്ധ്യാപകൻ എൻ.പി പിള്ളയുടെ മകനാണ്. ബോളിവുഡിലെ പ്രശസ്ത സംവിധായകൻ രാജകൃഷ്ണ മേനോൻ ആണ് ഇദ്ദേഹത്തിന്റെ മകൻ.
Discussion about this post