തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാർ ക്രമസമാധാന ചുമതലയിൽ നിന്നും പുറത്തായതോടെ സംസ്ഥാന പോലീസ് സേന മൊത്തത്തിൽ മാറ്റങ്ങളുടെ പാതയിലാണ്. പോലീസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായി എഡിജിപി പി വിജയന് സംസ്ഥാന ഇന്റലിജൻസ് വിഭാഗം മേധാവിയായി നിയമനം നൽകി. നേരത്തെ ഇന്റലിജൻസ് വിഭാഗം മേധാവിയായിരുന്ന മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല നൽകിയതിനെ തുടർന്നാണ് ഈ സ്ഥാനത്തേക്ക് പി വിജയൻ എത്തുന്നത്.
സംസ്ഥാന പോലീസ് സേനയിൽ പി വിജയനെ ഒതുക്കാൻ ആയി എംആർ അജിത് കുമാർ പ്രവർത്തിച്ചിരുന്നതായി നേരത്തെ തന്നെ ആരോപണങ്ങൾ ഉണ്ടായിരുന്നു. കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് ആരോപിച്ച് എഡിജിപി അജിത് കുമാർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് പി വിജയനെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ എം ആർ അജിത് കുമാറിന്റെ കണ്ടെത്തൽ തള്ളുകയും പി വിജയനെ സർവീസിൽ തിരിച്ചെടുക്കുകയും ചെയ്യുകയായിരുന്നു.
ഇപ്പോൾ സംസ്ഥാന പോലീസിലെ ഏറ്റവും നിർണായകമായ ഒരു സ്ഥാനത്തേക്കാണ് പി വിജയൻ എത്തുന്നത്. പോലീസ് അക്കാദമി ഡയറക്ടർ സ്ഥാനത്തുനിന്നും ആണ് അദ്ദേഹം ഇന്റലിജൻസ് മേധാവിയാകുന്നത്. എറണാകുളം റേഞ്ച് ഐജിയായ എ അക്ബറിനെയാണ് അടുത്ത പോലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചിരിക്കുന്നത്.
Discussion about this post