മുംബൈ : നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് മഹാരാഷ്ട്ര. നവംബർ പകുതിയോടെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും എന്നാണ് സൂചന. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ഇപ്പോൾതന്നെ സംസ്ഥാനത്തെ ഇൻഡി സഖ്യത്തിൽ തിരഞ്ഞെടുപ്പിനെ ചൊല്ലി രൂക്ഷമായ തർക്കമാണ് നടക്കുന്നത്. തങ്ങൾക്ക് 50 ശതമാനം സീറ്റുകൾ വേണമെന്ന കോൺഗ്രസിന്റെ നിർബന്ധമാണ് സഖ്യത്തിൽ കലഹത്തിന് കാരണമായിരിക്കുന്നത്.
ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേന യുബിടി വിഭാഗവും ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും കോൺഗ്രസും ഉൾപ്പെടുന്ന മഹാരാഷ്ട്രയിലെ സഖ്യമാണ് മഹാവികാസ് അഘാഡി സഖ്യം. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മൊത്തം സീറ്റുകളിൽ 50 ശതമാനവും തങ്ങൾക്ക് വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. മുംബൈയിൽ മാത്രം ആകെയുള്ള 36 സീറ്റുകളിൽ 18 സീറ്റും തങ്ങൾക്ക് വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
288 അംഗ നിയമസഭയിലേക്കാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 44 സീറ്റുകൾ മാത്രം നേടിയ കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പിൽ 50 ശതമാനം സീറ്റുകൾ നൽകുന്നതിനോട് ശിവസേനക്കും എൻസിപിക്കും താല്പര്യമില്ലെന്ന് പറയപ്പെടുന്നു. നിലവിൽ മഹാവികാസ് അഘാഡി സഖ്യത്തിനുള്ളിൽ 190 സീറ്റുകളിൽ ധാരണയായതായാണ് സൂചന. ദസറ ആഘോഷങ്ങൾക്ക് ശേഷം ബാക്കി സീറ്റുകളെ കുറിച്ച് ചർച്ച നടത്താം എന്നാണ് നിലവിൽ സഖ്യത്തിനുള്ളിലെ തീരുമാനം.
Discussion about this post